സിറിയന്‍ തുറമുഖത്ത് ഇസ്രായേല്‍ വ്യോമാക്രമണം; 'കാര്യമായ നാശനഷ്ടങ്ങള്‍' ഉണ്ടായതായി റിപോര്‍ട്ട്

ടെര്‍മിനലില്‍ തീപടരുന്നതിന്റേയും പുക ഉയരുന്നതിന്റേയും തല്‍സമയ ദൃശ്യങ്ങള്‍ സ്‌റ്റേറ്റ് ടെലിവിഷന്‍ സംപ്രേഷണം ചെയ്തു.

Update: 2021-12-28 15:05 GMT

ദമസ്‌കസ്: സിറിയയിലെ മെഡിറ്ററേനിയന്‍ തുറമുഖമായ ലതാകിയയില്‍ വീണ്ടും ഇസ്രായേല്‍ വ്യോമാക്രമണം. ഈ മാസം രണ്ടാം തവണയാണ് ഇസ്രായേല്‍ ഈ തുറമുഖത്തെ ലക്ഷ്യമിടുന്നത്. 'കാര്യമായ നാശനഷ്ടങ്ങള്‍' ഉണ്ടായതായി സിറിയന്‍ സ്‌റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു.ചെവ്വാഴ്ച 'പുലര്‍ച്ചെ 3:21ന് ലതാകിയ തുറമുഖത്തെ കണ്ടെയ്‌നര്‍ യാര്‍ഡ് ലക്ഷ്യമാക്കി ഇസ്രായേല്‍ ശത്രു മെഡിറ്ററേനിയന്‍ ദിശയില്‍ നിന്ന് നിരവധി മിസൈലുകള്‍ ഉപയോഗിച്ച് വ്യോമാക്രമണം നടത്തിയതായി സന സ്‌റ്റേറ്റ് വാര്‍ത്താ ഏജന്‍സി ഒരു സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് റിപോര്‍ട്ട് ചെയ്തു.

ടെര്‍മിനലില്‍ തീപടരുന്നതിന്റേയും പുക ഉയരുന്നതിന്റേയും തല്‍സമയ ദൃശ്യങ്ങള്‍ സ്‌റ്റേറ്റ് ടെലിവിഷന്‍ സംപ്രേഷണം ചെയ്തു. തുറമുഖത്തെ കണ്ടെയ്‌നര്‍ സ്‌റ്റോറേജ് ഏരിയയില്‍ ഉണ്ടായ തീപിടിത്തം അഗ്നിശമന സേനയെത്തി നിയന്ത്രണ വിധേയമാക്കിയതായി ചൊവ്വാഴ്ച പിന്നീട് സിറിയന്‍ സര്‍ക്കാരിന്റെ മീഡിയ ഓഫീസ് അറിയിച്ചു.

മിസൈല്‍ ആക്രമണത്തില്‍ ഒരു ആശുപത്രി, ചില പാര്‍പ്പിട സമുച്ചയങ്ങള്‍, കടകള്‍ എന്നിവയുടെ മുന്‍ഭാഗങ്ങളും തകര്‍ത്തതായി സന റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ ആളപായമുണ്ടായതായി ഉടനടി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

2011ല്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായതിനു ശേഷം ഇസ്രായേല്‍ പതിവായി സിറിയയില്‍ വ്യോമാക്രമണം നടത്തുന്നുണ്ട്.സിറിയന്‍ സര്‍ക്കാര്‍ സൈനികരെയും സഖ്യകക്ഷികളായ ഇറാന്‍ പിന്തുണയുള്ള സേനകളെയും ലെബനീസ് ഹിസ്ബുള്ള ഗ്രൂപ്പുമായി ബന്ധമുള്ള പോരാളികളെയും ലക്ഷ്യമിട്ടാണ് കൂടുതലും ആക്രമണങ്ങള്‍.

Tags:    

Similar News