ബിഎസ്എഫ് ജവാനെ വധിച്ചത് തെറ്റിദ്ധാരണ മൂലമാണെന്ന് ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി
ധക്ക: ബിഎസ്എഫ് ജവാനെ വധിച്ചത് ബംഗ്ലാദേശ് ബോര്‍ഡര്‍ ഗാര്‍ഡ്സിന്‍റെ തെറ്റിദ്ധാരണ മൂലമാണെന്ന് ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാന്‍ അറിയിച്ചു. ആവശ്യമെങ്കില്‍ വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ആഭ്യന്തര മന്ത്രിയുമായി സംസാരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ബിഎസ്എഫ് ജവാന്‍ വിജയ് ബാന്‍ സിങ് ബംഗ്ലാദേശ് സൈനികരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. വെടിവെപ്പില്‍ മറ്റൊരു ജവാന് പരിക്കേറ്റിരുന്നു. തങ്ങളുടെ പിടിയിലായ ഇന്ത്യന്‍ മീന്‍പിടിത്തക്കാരനെ മോചിപ്പിക്കാന്‍ അതിക്രമിച്ച് എത്തിയവരാണെന്ന് കരുതി സ്വയംപ്രതിരോധത്തിന്‍റെ ഭാഗമായാണ് വെടിവെച്ചതെന്ന് നേരത്തെ ബംഗ്ലാദേശ് അധികൃതര്‍ പറഞ്ഞിരുന്നു.