ബ്രിട്ടനിലെ മുതിര്‍ന്ന മന്ത്രിമാരുടെ രാജി; ജോണ്‍സണ്‍ സര്‍ക്കാര്‍ പ്രതിസന്ധിയില്‍

ആരോഗ്യ മന്ത്രി സാജിദ് ജാവിദും ധനമന്ത്രി ഋഷി സുനക്കുമാണ് മിനുറ്റുകളുടെ വ്യത്യാസത്തില്‍ രാജിപ്രഖ്യാപിച്ച് ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടത്.

Update: 2022-07-06 06:17 GMT

ലണ്ടന്‍: ബ്രിട്ടനില്‍ ബോറിസ് ജോണ്‍സന്റെ നേതൃത്വത്തിന് കനത്ത തിരിച്ചടിയായി ബ്രിട്ടനിലെ ഏറ്റവും മുതിര്‍ന്ന രണ്ടു മന്ത്രിമാര്‍ മന്ത്രിസഭയില്‍നിന്നു രാജിവച്ചു. ആരോഗ്യ മന്ത്രി സാജിദ് ജാവിദും ധനമന്ത്രി ഋഷി സുനക്കുമാണ് മിനുറ്റുകളുടെ വ്യത്യാസത്തില്‍ രാജിപ്രഖ്യാപിച്ച് ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടത്.

ഇന്നലെ വൈകീട്ട് ആറോടെയാണ് ടോറി സര്‍ക്കാരിന് ഇരുട്ടടി നല്‍കി ഇരു മന്ത്രിമാരും രാജിക്കത്ത് നല്‍കിയത്. മന്ത്രിസഭയിലെ രണ്ടാമനായി അറിയപ്പെട്ടിരുന്ന ഋഷി സുനക്കിന്റെയും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ സാജിദ് ജാവിദിന്റെയും അപ്രതീക്ഷിത രാജിയില്‍ ബോറിസ് സര്‍ക്കാരിന്റെ നിലനില്‍പ്പു തന്നെ അപകടത്തിലായിരിക്കുകയാണ്. ഇവര്‍ക്കൊപ്പം വരും ദിവസങ്ങളില്‍ കൂടുതല്‍ മന്ത്രിമാര്‍ രാജിവയ്ക്കുമെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍.


ലൈംഗിക ആരോപണ വിധേയനായ ക്രിസ് പിഞ്ചറിനെ ഡെപ്യൂട്ടി ചീഫ് വിപ്പായി സര്‍ക്കാരില്‍ നിയമിച്ചതിനെതിരേ ശക്തമായ പ്രതിഷേധമുയരുകയും ക്രിസ് പിഞ്ചര്‍ രാജിവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍, ലൈംഗിക പീഡന പരാതികളില്‍ ആരോപണ വിധേയനാണെന്നറിഞ്ഞിട്ടാണ് പ്രധാനമന്ത്രി അദ്ദേഹത്തെ ചീഫ് വിപ്പായി നിയമിച്ചതെന്ന വിവരവും ഇതിനിടെ പുറത്തുവന്നിരുന്നു. പിന്നീട് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജ്യത്തോട് മാപ്പും പറഞ്ഞെങ്കിലും പ്രതിഷേധം പുകയുകയാണ്.


ക്രിസ് പിഞ്ചറിന്റെ നിയമനത്തില്‍ പ്രതിഷേധിച്ചും ബോറിസിന്റെ നേതൃത്വത്തില്‍ അവിശ്വാസം രേഖപ്പെടുത്തിയുമാണ് ഇരു മന്ത്രിമാരും രാജിവച്ചത്. ഇവര്‍ക്കു പിന്നാലെ മൊറോക്കോയിലെ ബോറിസിന്റെ വാണിജ്യ പ്രതിനിധിയായ ആന്‍ഡ്രൂ മിറിസണും ടോറി വൈസ് ചെയര്‍ ബിം അഫോലമിയും രാജി പ്രഖ്യാപിച്ചു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ പലരും രാജിവച്ചവര്‍ക്കും പ്രധാനമന്ത്രിക്കും പിന്തുണയുമായി രണ്ടായി തിരിയുന്ന കാഴ്ചയാണ് വെസ്റ്റ്മിനിസ്റ്ററില്‍.

ക്രിസ് പിഞ്ചറിനെ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചതിനെ പ്രതിപക്ഷവും സ്വന്തം പാര്‍ട്ടിയിലെ ഒരുവിഭാഗം നേതാക്കളും ശക്തമായി വിമര്‍ശിച്ചതിനെ തുടര്‍ന്ന് ഇതു തനിക്കു പറ്റിയ പിഴവായി ബോറിസ് ജോണ്‍സണ്‍ സമ്മതിച്ചിരുന്നു. എന്നാല്‍, തെറ്റു സമ്മതിച്ചെങ്കിലും ഇദ്ദേഹത്തെ പദവിയില്‍നിന്നും മാറ്റാന്‍ പ്രധാനമന്ത്രി തയാറായിരുന്നില്ല. ഇതാണ് ഇപ്പോള്‍ മന്ത്രിമാരുടെ രാജിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.

'സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ശരീയായ രീതിയിലും കാര്യഗൗരവത്തോടെയും സമര്‍ഥമായ രീതിയിലും ആയിരിക്കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇതിപ്പോള്‍ നടക്കുന്നില്ല'-രാജിയ്ക്കു ശേഷം ചാന്‍സിലര്‍ ഋഷി സുനക്ക് പ്രതികരിച്ചു. ദേശീയ താല്‍പര്യത്തോടെ പ്രവര്‍ത്തിക്കാല്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്ന് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദും പ്രതികരിച്ചു. ബോറിസ് ജോണ്‍സണ്‍ സര്‍ക്കാര്‍ തകരുകയാണെന്ന് പ്രതിപക്ഷ നേതാവ് സര്‍ കെയ്ര്‍ സ്റ്റാമര്‍ പറഞ്ഞു. ബോറിസ് ഭരണം അവസാനിക്കുന്നതിന്റ ആരംഭമാണിതെന്നാണ് പ്രതിപക്ഷത്തിന്റ വിലയിരുത്തല്‍.

Tags:    

Similar News