വാര്‍ത്തക്കിടെ യുദ്ധവിരുദ്ധ പോസ്റ്റര്‍: റഷ്യന്‍ മാധ്യമപ്രവര്‍ത്തകയെ കോടതിയില്‍ ഹാജരാക്കി
അനധികൃതമായി പൊതുപരിപാടി സംഘടിപ്പിച്ചതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇതില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാല്‍ പിഴയോ സാമൂഹിക സേവനമോ 10 ദിവസം വരെ തടവോ ലഭിച്ചേക്കാം.
മോസ്‌കോ: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടിവി ചാനലില്‍ തല്‍സമയ വാര്‍ത്താ വായനയ്്ക്കിടെ സ്റ്റുഡിയോയിലേക്ക് ഓടിക്കയറി യുദ്ധവിരുദ്ധ പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയെ കോടതിയില്‍ ഹാജരാക്കി. പ്രതിഷേധത്തിനു പിന്നാലെ പോലിസ് അറസ്റ്റ് ചെയ്ത ന്യൂസ് എഡിറ്റര്‍ മറീന ഓവ്‌സ്യാനിക്കോവയെ മോസ്‌കോയിലെ കോടതിയിലാണ് ഹാജരാക്കിയത്.
അനധികൃതമായി പൊതുപരിപാടി സംഘടിപ്പിച്ചതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇതില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാല്‍ പിഴയോ സാമൂഹിക സേവനമോ 10 ദിവസം വരെ തടവോ ലഭിച്ചേക്കാം.
അതേസമയം, പ്രതിഷേധത്തിനു പിന്നാലെ അര്‍ധരാത്രി മുതല്‍ ഇവരെ കാണാനില്ലെന്ന് അവരുടെ അഭിഭാഷകര്‍ അറിയിച്ചിരുന്നു. രാത്രി മുഴുവന്‍ അന്വേഷിച്ചു നടന്നിട്ടും മറീനയെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് അവരുടെ അഭിഭാഷകരില്‍ ഒരാള്‍ അറിയിച്ചത്.അഭിഭാഷകര്‍ക്ക് പോലും ഒരു വിവരവും നല്‍കുന്നില്ലെന്ന് മറ്റൊരു അഭിഭാഷകന്‍ ട്വീറ്റ് ചെയ്തു. സംഭവത്തിനുശേഷം ഇവരെ പിടികൂടി രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി എന്നാണ് കരുതുന്നതെന്ന് ബിബിസി റഷ്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
റഷ്യന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചാനല്‍ വണ്‍ വാര്‍ത്താ ചാനലിലാണ് സംഭവം. തിങ്കളാഴ്ചത്തെ ജനപ്രിയ രാത്രിചര്‍ച്ചയ്ക്കിടെയാണ് മറീന യുദ്ധ വിരുദ്ധ പോസ്റ്ററുമായി സ്റ്റുഡിയോയില്‍ കടന്നത്. വാര്‍ത്ത വായിച്ചുകൊണ്ടിരുന്ന മാധ്യമപ്രവര്‍ത്തകയ്ക്കു പുറകിലായി, യുദ്ധ വിരുദ്ധ ബാനര്‍ ഉയര്‍ത്തി നില്‍ക്കുകയായിരുന്നു ഇവര്‍. അല്‍പ്പസമയം ഈ ദൃശ്യങ്ങള്‍ ചാനലില്‍ തുടര്‍ന്നു, പിന്നെ അപ്രത്യക്ഷമായി. ഈ ദൃശ്യങ്ങള്‍ മുറിച്ചുകളഞ്ഞുള്ള വീഡിയോയാണ് പിന്നീട് ചാനല്‍ ഓണ്‍ലൈനില്‍ പുറത്തുവിട്ടത്. 'യുദ്ധം വേണ്ട, യുദ്ധം നിര്‍ത്തുക, നുണപ്രചാരണങ്ങള്‍ വിശ്വസിക്കാതിരിക്കുക, അവര്‍ നിങ്ങളോട് നുണപറയുകയാണ്' എന്നിങ്ങനെ എഴുതിവെച്ച പോസ്റ്ററാണ് ഇവര്‍ ഉയര്‍ത്തിക്കാട്ടിയത്.