ഹിറ്റ്ലര്‍ക്കുശേഷം ലോകം കണ്ട ഏറ്റവും വലിയ ഭീകരവാദി നെതന്യാഹു; ഇന്ത്യ ആയുധം നല്‍കി പിന്തുണക്കുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ മെഹബൂബ മുഫ്തി
ശ്രീനഗര്‍: ഹിറ്റ്ലര്‍ക്കുശേഷം ലോകം കണ്ട ഏറ്റവും വലിയ ഭീകരവാദിയാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവെന്ന് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് മെഹബൂബ മുഫ്തി. നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സൈന്യം ഫലസ്തീനെയും ലെബനനെയും 'ഗ്യാസ് ചേംബറു'കളാക്കി മാറ്റുകയാണെന്നും മെഹബൂബ മുഫ്തി പറഞ്ഞു.നിരപരാധികളെ കൊല്ലാന്‍ ഇന്ത്യ ആയുധം നല്‍കി നെതന്യാഹുവിനെ പിന്തുണക്കുകയാണ്. മോദി സര്‍ക്കാരിന്റെ ഈ നടപടി തെറ്റാണെന്നും അവര്‍ പറഞ്ഞു. മഹാത്മാഗാന്ധിയുടെ കാലം മുതല്‍ രാജ്യം ഫലസ്തീനികള്‍ക്കൊപ്പമാണ്. ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്റുല്ലയെ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ച തനിക്കെതിരെ രംഗത്തുവന്ന ബി.ജെ.പിയെയും മെഹബൂബ വിമര്‍ശിച്ചു.
ഫലസ്തീനിലേയും ലെബനനിലേയും ജനങ്ങള്‍ക്കൊപ്പമാണ് നിലയുറപ്പിക്കുന്നതെന്നും അഗാതമായ ദുഃഖത്തിന്റേയും പ്രതിരോധത്തിന്റേയും മണിക്കൂറുകളിലൂടെയാണ് ലെബനന്‍ കടന്നുപോകുന്നതെന്നും മെഹബൂബ മുഫ്തി പറഞ്ഞു.കഠ്വയില്‍ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയവര്‍ക്കൊപ്പം നിന്നവരാണ് ബിജെപിക്കാര്‍. നസ്റുല്ലക്കും ഫലസ്തീനികള്‍ക്കുംവേണ്ടി രാജ്യത്ത് തെരുവിലിറങ്ങുന്ന പതിനായിരങ്ങളെ ബിജെപി കാണുന്നില്ലേ. കഴിഞ്ഞ ദിവസം നസ്റുല്ലയുടെ വധത്തില്‍ അപലപിച്ച് മെഹബൂബ മുഫ്തി ഒരു ദിവസം തെരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവെച്ചിരുന്നു.