ട്രംപിനെതിരായ ഇംപീച്ച്‌മെന്റ്: ആരും നിയമത്തിന് അതീതരല്ലെന്ന് സ്പീക്കര്‍ നാന്‍സി പെലോസി
വാഷിങ്ടണ്‍: ഇംപീച്ച്‌മെന്റ് പ്രമേയം പാസായതിന് പിന്നാലെ ഡൊണള്‍ഡ് ട്രംപിനെ കടന്നാക്രമിച്ച് ജനപ്രതിനി സഭ സ്പീക്കര്‍ നാന്‍സി പെലോസി. ആരും നിയമത്തിന് അതീതരല്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് പോലും നിയമത്തിന് മുകളിലല്ലെന്ന് ജനപ്രതിനിധി സഭയിലെ ഭൂരിപക്ഷം തെളിയിച്ചെന്നും നാന്‍സി ചൂണ്ടിക്കാട്ടി. ജനപ്രതിനിധി സഭയിലെ ചര്‍ച്ചയില്‍ ട്രംപിനെതിരേ രൂക്ഷവിമര്‍ശനങ്ങളാണ് ട്രംപിനെതിരേ നാന്‍സി പെലോസി നടത്തിയത്.
കഴിഞ്ഞയാഴ്ച കാപ്പിറ്റോള്‍ മന്ദിരത്തില്‍ കലാപം സൃഷ്ടിച്ചത് ദേശസ്‌നേഹികളല്ലെന്നും ആഭ്യന്തര തീവ്രവാദികളാണെന്നും നാന്‍സി പെലോസി ആരോപിച്ചു. അവര്‍ എല്ലാത്തിനും തുനിഞ്ഞത് ട്രംപിന്റെ വാക്കുകേട്ടാണ്. ട്രംപ് രാജ്യത്തിന് നിലവിലുള്ള ഏറ്റവും വലിയ അപകടകാരിയാണ്. രാജ്യത്തിനെതിരായ സായുധ കലാപത്തിന് അമേരിക്കന്‍ പ്രസിഡന്റ് പ്രേരിപ്പിച്ചുവെന്ന് നമുക്കറിയാം. അതുകൊണ്ട് ട്രംപ് പുറത്തുപോവണം. പ്രസിഡന്റ് ട്രംപ് നവംബറിലെ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് 'ആവര്‍ത്തിച്ച്' കള്ളം പറയുകയാണ് അദ്ദേഹം.
തിരഞ്ഞെടുപ്പ് പ്രക്രിയയിലും ജനാധിപത്യത്തിലും സംശയം ജനിപ്പിക്കാനും ശ്രമിച്ചു. ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് വിജയത്തെ അട്ടിമറിക്കാന്‍ ഭരണഘടനാവിരുദ്ധമായി സംസ്ഥാന ഉദ്യോഗസ്ഥരെ സ്വാധീനിക്കാനും ശ്രമിച്ചു- പെലോസി കുറ്റപ്പെടുത്തി. യുഎസ് പാര്‍ലമെന്റായ കാപ്പിറ്റോള്‍ മന്ദിരത്തില്‍ ആക്രമണം നടത്താന്‍ കലാപകാരികളെ പ്രേരിപ്പിച്ചെന്ന കുറ്റത്തിനാണ് ട്രംപ് ഇംപീച്ച്‌മെന്റിന് വിധേയമായത്.