ചൈനയുടെ മുന്നറിയിപ്പ് തള്ളി നാന്‍സി പെലോസി തായ്‌വാനില്‍; യുദ്ധവിമാനങ്ങള്‍ വിന്യസിച്ച് ചൈന
തായ്‌പേയ്: ചൈനയുടെ മുന്നറിയിപ്പുകള്‍ തള്ളി അമേരിക്കന്‍ ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി തായ്‌വാനിലെത്തി. നാന്‍സി പെലോസി തായ്‌വാനിലെത്തിയാല്‍ അമേരിക്ക കനത്തവില നല്‍കേണ്ടിവരുമെന്ന് ചൈന ഭീഷണി മുഴക്കിയിരുന്നു. തായ്‌വാനില്‍ ഇടപെട്ടാല്‍ അത് 'തീക്കളി' ആവുമെന്നാണ് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് യുഎസ് പ്രസിഡന്റ് ജോ ബൈഡന് കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നല്‍കിയത്. ചൈനയുടെ സ്വതന്ത്രസുരക്ഷയെ ബാധിക്കുന്ന സന്ദര്‍ശനമുണ്ടായാല്‍ അതിനെത്തുടര്‍ന്നുണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം യുഎസായിരിക്കും ഉത്തരവാദിയെന്നായിരുന്നു ചൈനീസ് വിദേശകാര്യവക്താവിന്റെ പ്രസ്താവന.
തായ്‌വാന്‍ കടലിനെ വിഭജിക്കുന്ന അതിര്‍ത്തിക്കടുത്തുവരെ യുദ്ധവിമാനങ്ങളും പടക്കപ്പലുകളുമായെത്തി ചൈന പ്രകോപനം സൃഷ്ടിച്ചു. ഈ ഭീഷണികളും മുന്നറിയിപ്പും തള്ളിയാണ് പെലോസി തായ്‌വാനിലെത്തിയത്. നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തിനോട് അനുബന്ധിച്ച് തായ്‌പേയ് വിമാനത്താവളത്തില്‍ വന്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. മലേസ്യയില്‍ നിന്നാണ് നാന്‍സി തായ്‌വാനിലെ തായ്‌പെയ് വിമാനത്താവളത്തിലെത്തിയത്. അമേരിക്കയുടെ പ്രത്യേക വിമാനത്തിലാണ് നാന്‍സിയെത്തിയത്. ഈ വിമാനത്തിന് തായ്‌വാന്റെ ഫൈറ്റര്‍ ജെറ്റുകളുടെ അകമ്പടിയുണ്ടായിരുന്നു.
സുരക്ഷാ മുന്‍കരുതലിന് അമേരിക്കന്‍- തായ്‌വാന്‍ സംയുക്ത സേനയുടെ വന്‍ സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. 25 വര്‍ഷത്തിനിടെ തായ്‌വാന്‍ സന്ദര്‍ശിക്കുന്ന അമേരിക്കയുടെ പ്രധാന നേതാവാണ് നാന്‍സി. നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തിന് തൊട്ടുമുമ്പ് ചൈനയുടെ യുദ്ധവിമാനങ്ങള്‍ തായ്‌വാന്‍ അതിര്‍ത്തി കടന്ന് പറന്നതായുള്ള റിപോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. തായ്‌വാന്‍ അതിര്‍ത്തിയില്‍ ചൈന യുദ്ധവിമാനങ്ങള്‍ വിന്യസിച്ചുവെന്ന് റിപോര്‍ട്ടുകളുണ്ട്. എന്നാല്‍, ഇതിന് മറുപടിയെന്നോണം അമേരിക്കയുടെ നാവികസേനയും കപ്പല്‍ പടയുമായി സജ്ജമായി നില്‍ക്കുന്നുണ്ട്.
തന്റെ പ്രതിനിധിയായി അല്ല നാന്‍സി പെലോസി തായ്‌വാനിലേക്ക് പോവുന്നതെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ നേരത്തെ അറിയിച്ചിരുന്നു. പെലോസിയെ തടയില്ലെന്നും അവര്‍ക്ക് തായ്‌വാന്‍ സന്ദര്‍ശിക്കാന്‍ എല്ലാ അവകാശവുമുണ്ടെന്നുമായിരുന്നു വൈറ്റ് ഹൗസിന്റെ നിലപാട്. ഏഷ്യന്‍ പര്യടനത്തിന്റെ ഭാഗമാണ് തന്റെ സന്ദര്‍ശനമെന്നും ഇത് അമേരിക്കയുടെ വിദേശകാര്യ നയത്തിന് വിരുദ്ധമല്ലെന്നും നാന്‍സി പെലോസി തായ്‌വാനില്‍ ഇറങ്ങിയ ശേഷം പ്രസ്താവനയില്‍ അറിയിച്ചു.
രണ്ടരക്കോടി ജനങ്ങളുള്ള തായ്‌വാന്‍ തങ്ങളുടെ പ്രവിശ്യയാണെന്നാണ് ചൈനയുടെ അവകാശവാദം. തായ്‌വാന്റെ നയങ്ങളില്‍ ഇടപെടാന്‍ മറ്റാര്‍ക്കും അവകാശമില്ലെന്ന നിലപാടാണ് എല്ലാ കാലത്തും ചൈന സ്വീകരിക്കുന്നത്. തായ്‌വാനില്‍ ഇടപെടാനുള്ള അമേരിക്കന്‍ നീക്കത്തെ ഇക്കാലമത്രയും ചൈന എതിര്‍ത്തിരുന്നു. ഇത് മറികടന്ന് തായ്‌വാന്‍ സന്ദര്‍ശിക്കാനുള്ള പെലോസിയുടെ നീക്കം തങ്ങളുടെ സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്നാണ് ചൈനയുടെ നിലപാട്.