കൈ കൊടുക്കാതെ ട്രംപ്, പ്രസംഗത്തിന്റെ പകര്‍പ്പ് കീറി നാന്‍സി പെലോസി

സ്‌റ്റേറ്റ് ഓഫ് യൂനിയന്‍ പ്രസംഗത്തിന് സെനറ്റിലെത്തിയ ട്രംപില്‍ നിന്ന് പ്രസംഗത്തിന്റെ പകര്‍പ്പ് സ്വീകരിച്ച ശേഷം അഭിവാദ്യം ചെയ്യാനായി നാന്‍സി കൈ നീട്ടി. എന്നാല്‍ അത് ട്രംപ് നിരസിക്കുകയായിരുന്നു.

Update: 2020-02-05 07:25 GMT

വാഷിംഗ്ടണ്‍: സ്‌റ്റേറ്റ് ഓഫ് യൂണിയന്‍ പ്രസംഗത്തിന്റെ പകര്‍പ്പ് വലിച്ച്കീറി ഡെമോക്രാറ്റ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി. പ്രസിഡന്റിന്റെ പ്രസംഗത്തിനിടെ എഴുന്നേറ്റ് നിന്ന നാന്‍സി പെലോസി, പ്രസംഗത്തിന്റെ പകര്‍പ്പ് രണ്ടായി വലിച്ചു കീറിയാണ് ട്രംപിനോടുള്ള അമര്‍ഷം രേഖപ്പെടുത്തിയത്.

സ്‌റ്റേറ്റ് ഓഫ് യൂണിയന്‍ പ്രസംഗത്തിന് സെനറ്റിലെത്തിയ ട്രംപില്‍ നിന്ന് പ്രസംഗത്തിന്റെ പകര്‍പ്പ് സ്വീകരിച്ച ശേഷം അഭിവാദ്യം ചെയ്യാനായി നാന്‍സി കൈ നീട്ടി. എന്നാല്‍ അത് ട്രംപ് നിരസിക്കുകയായിരുന്നു. ഹൗസ് സ്പീക്കര്‍ പദവിയിലിരിക്കുന്ന വ്യക്തിക്ക് ഹസ്തദാനം നല്‍കുന്നത് ജനാധിപത്യമര്യാദ അനുസരിച്ച് അമേരിക്കന്‍ പ്രസിഡന്റിന്റെ കര്‍ത്തവ്യമാണ്. എന്നാല്‍ ട്രംപ് കൈകൊടുക്കാതെ മുഖം തിരിച്ച് നടക്കുകയായിരുന്നു. ഇംപീച്ച്‌മെന്റിന് ശുപാര്‍ശ ചെയ്ത നാന്‍സി പെലോസിയെ മനഃപൂര്‍വം ട്രംപ് പരസ്യമായി അവഹേളിക്കുകയായിരുന്നു. എന്നാല്‍ നാന്‍സി പെലോസി അതേ വേദിയില്‍ വെച്ച് ട്രംപിന് പകരം വീട്ടുന്ന ദൃശ്യങ്ങളും ഏറെ ശ്രദ്ധേയമാണ്. പ്രസിഡന്റിന്റെ പ്രസംഗത്തിനിടെ എഴുന്നേറ്റ് നിന്നാണ് നാന്‍സി പെലോസി, പ്രസംഗത്തിന്റെ പകര്‍പ്പ് രണ്ടായി വലിച്ച് കീറിയത്.

അതേസമയം പ്രസംഗത്തില്‍ ഇംപീച്ച്‌മെന്റിനെക്കുറിച്ച് ട്രംപ് ഒരക്ഷരം മിണ്ടിയില്ല. മാത്രമല്ല തന്റെ ഭരണ നേട്ടങ്ങളെ കുറിച്ച് ട്രംപ് എണ്ണിപ്പറയുമ്പോഴും റിപ്പബ്ലിക്കന്‍സ് അംഗങ്ങള്‍ എഴുന്നേറ്റ് നിന്ന് കയ്യടിക്കുയിരുന്നു. അടുത്ത നാല് വര്‍ഷം കൂടി ട്രംപിന്റെ ഭരണം വേണമെന്ന് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ സഭയില്‍ ആവശ്യപ്പെട്ടു. അതേസമയം ഡെമോക്രാറ്റിക്ക് അംഗങ്ങള്‍ സഭയില്‍ നിശബ്ദരായിരുന്നു. യുഎസ് ജനപ്രതിനിധി സ്പീക്കറായ നാന്‍സി ട്രംപിന്റെ കടുത്ത വിമര്‍ശകരില്‍ ഒരാളാണ്. 


Tags:    

Similar News