വീടുകള്‍ വില്‍പ്പനയ്ക്ക്; വെറും 87 രൂപ...!

Update: 2020-10-31 09:59 GMT

റോം: സ്വന്തമായി ഒരു വീടെന്ന സ്വപ്‌നം ഏതൊരാള്‍ക്കുമുണ്ടാവും. അത് പ്രാവര്‍ത്തികമാക്കാന്‍ പെടാപ്പാട് പെടുന്നവരാണ് പലരും. ലോണെടുത്തും ജീവിതകാലം മുഴുവന്‍ തൊഴിലെടുത്തും മനോഹരമായ വീടൊരുക്കുന്നവരും കുറവല്ല. എന്നാല്‍, വെറും 87 രൂപയ്ക്കു വീട് കിട്ടുകയാണെങ്കില്‍ നിങ്ങളെന്തു ചെയ്യും. അതിശയോക്തിയൊന്നുമല്ല, ഇറ്റാലിയന്‍ നഗരത്തിലാണ് ഇത്രയും ചെറിയ തുകയ്ക്കു വീട് വില്‍ക്കുന്നത്. വെറും ഒരു യൂറോയ്ക്കാണ് വീട് ലേലത്തില്‍ വച്ചിരിക്കുന്നത്. അതായത് 87 ഇന്ത്യന്‍ രൂപ. സൗത്ത് വെസ്റ്റേണ്‍ നഗരത്തിലെ സലേമി ടൗണിലെ ഒരു ഡസനോളം വീടുകളാണ് ഇത്തരത്തില്‍ വില്‍പ്പനയ്ക്ക് വച്ചതെന്ന് സിഎന്‍ട്രാവലര്‍.ഇന്‍ റിപോര്‍ട്ട് ചെയ്തു. ജനവാസം കുറഞ്ഞതാണ് തുച്ഛവിലയ്ക്കു വീട് വില്‍പനയ്ക്കു വയ്ക്കാന്‍ പ്രേരിപ്പിച്ചത്.

    കഴിഞ്ഞ 50 വര്‍ഷത്തോളമായി സലേമി നഗരത്തില്‍ ജനസംഖ്യ കുത്തനെ കുറയുകയാണത്രേ. 1968 ല്‍ ഇവിടെ ഭൂകമ്പമുണ്ടായതിനു പിന്നാലെയാണ് ജനങ്ങള്‍ ഒഴിഞ്ഞുപോവാന്‍ തുടങ്ങിയത്. കുറഞ്ഞ വിലയ്ക്കു പുറമെ ഈ വീടുകള്‍ക്ക് ചില സവിശേഷതകളുമുണ്ട്. സലേമിയുടെ ചരിത്ര പ്രാധാന്യമുള്ള സ്ഥലത്താണ് വീടുകളുള്ളത്. പഴയ മാതൃകയുള്ള വീടായതിനാല്‍ ബാല്‍ക്കണിയുമുണ്ട്. ഇവിടെ നിന്നും നഗരത്തിലെ മനോഹരമായ താഴ്വരയും കാഴ്ചകളുമെല്ലാം കണ്‍കുളിര്‍ക്കെ കാണാം. എന്നാല്‍, വെറും 78 രൂപയുമായി അഥവാ ഒരു യൂറോയുമായി പോയാല്‍ വീട് കിട്ടില്ല. വീടിനു വേണ്ടി ലേലത്തില്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ എങ്ങനെയാണ് വീടുകള്‍ പുനരുദ്ധാരണം ചെയ്യുന്നതെന്ന് വ്യക്തമാക്കി കൊടുക്കണം. ഒപ്പം 3000 ഡോളര്‍ നിക്ഷേപം നടത്തുകയും വേണം. അതായത് 2,60,692 ഇന്ത്യന്‍ രൂപ. എന്നാല്‍, മുന്‍കൂറായി നല്‍കുന്ന ഇത്രയും തുക വീട് പുനരുദ്ധാരണം ചെയ്ത ശേഷം തിരിച്ചുകിട്ടും. അടുത്ത മാസമാണ് ലേലം തുടങ്ങുന്നത്. എന്താ, ഒരു കൈ നോക്കുന്നോ... ഇറ്റലിയില്‍ ഒരു വീട് വാങ്ങാന്‍. https://www.salemi.gov.it/comune വെബ്‌സൈറ്റ് സന്ദര്‍ശിച്ചോളൂ.

'Italy's most beautiful villages' is auctioning homes for €1


Tags:    

Similar News