ഇന്ത്യയില്‍ കണ്ടെത്തിയ വൈറസുകളില്‍ നിലവില്‍ ആശങ്കയുണര്‍ത്തുന്നത് ബി.1.617.2 വകഭേദം മാത്രം: ലോകാരോഗ്യസംഘടന

Update: 2021-06-02 06:04 GMT

ജനീവ: ഇന്ത്യയില്‍ കണ്ടെത്തിയ വൈറസുകളില്‍ ബി.1.617.2 വകഭേദം മാത്രമാണ് നിലവില്‍ ആശങ്കയുണര്‍ത്തുന്നതെന്ന് ലോകാരോഗ്യസംഘടന. ഇന്ത്യയില്‍ കൊവിഡ് 19 രണ്ടാംതരംഗത്തിന്റെ വ്യാപനം രൂക്ഷമാക്കിയ ബി.1.617 വകഭേദത്തെ 'ട്രിപ്പിള്‍ മ്യൂട്ടന്റ് വേരിയന്റെ'ന്നാണ് (മൂന്നുതവണ ജനിതക വ്യതിയാനം സംഭവിച്ച കൊവിഡ് 19 വകഭേദം) വിശേഷിപ്പിക്കുന്നത്. ഇവ അപകടകാരിയാണെന്ന് കഴിഞ്ഞ മാസം യുഎന്‍ ആരോഗ്യ ഏജന്‍സി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇതില്‍ ഒരു വകഭേദം മാത്രമാണ് ആശങ്കയുണര്‍ത്തുന്നതെന്നാണ് യുഎന്‍ ഏജന്‍സി ചൊവ്വാഴ്ച വ്യക്തമാക്കിയത്.

പൊതുജനാരോഗ്യരംഗത്ത് സൃഷ്ടിക്കുന്ന അപകടസാധ്യതകള്‍ ബി.1.617.2മായി ബന്ധപ്പെട്ടുളളതാണെന്ന് വ്യക്തമായിട്ടുണ്ട്. അതേസമയം, മറ്റ് വകഭേദങ്ങള്‍ കാര്യമായ വ്യാപനമുണ്ടാക്കുന്നില്ലെന്ന് കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട പ്രതിവാര അവലോകനത്തില്‍ ലോകാരോഗ്യസംഘടന പറഞ്ഞു. ബി.1.617.2 വേഗത്തില്‍ പകരാവുന്നതും മാരകവും പ്രതിരോധവാക്‌സിന്റെ സുരക്ഷിതത്വം മറികടക്കാന്‍ കഴിവുളളതുമാണ്. ഈ വൈറസുമായി ബന്ധപ്പെട്ട് കൂടുതല്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്ത രാജ്യങ്ങള്‍, വൈറസിന്റെ വര്‍ധിച്ച വ്യാപന ശേഷി എന്നിവ തങ്ങള്‍ നിരീക്ഷിച്ചുവരികയാണ്. ഈ വകഭേദത്തിന്റെ പ്രഭാവത്തെക്കുറിച്ചുളള കൂടുതല്‍ പഠനങ്ങള്‍ക്ക് വലിയ പ്രധാന്യമാണ് ലോകാരോഗ്യ സംഘടന നല്‍കിയിട്ടുളളത്.

വിയറ്റ്‌നാം ആരോഗ്യ അധികൃതര്‍ ശനിയാഴ്ച പ്രഖ്യാപിച്ച അപകടകാരിയായ പുതിയ വകഭേദം ഡെല്‍റ്റയുടെ വകഭേദമാണെന്നാണ് കരുതുന്നതെന്ന് ഡബ്ല്യുഎച്ച്ഒ വിശദീകരിക്കുന്നു. ലോകത്ത് വിവിധ രാജ്യങ്ങളില്‍ കണ്ടെത്തിയ കൊവിഡ് വൈറസിന്റെ വകഭേദങ്ങള്‍ക്ക് ലോകാരോഗ്യസംഘടന തിങ്കളാഴ്ച പേര് നിശ്ചയിച്ചു. വൈറസിന്റെ ഒപ്പം ചേര്‍ത്ത് രാജ്യങ്ങളുടെ പേരിനെ മോശമാക്കാതിരിക്കാന്‍ വേണ്ടിയാണ് പുതിയ പദം പുറത്തിറക്കിയത്. ഗ്രീക്ക് അക്ഷരങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. ഒക്ടോബറില്‍ ഇന്ത്യയില്‍ തിരിച്ചറിഞ്ഞ വൈറസ് വകഭേദങ്ങള്‍ക്ക് ഡെല്‍റ്റയെന്നും കാപ്പയെന്നുമാണ് പേരുനല്‍കിയത്. 24 വകഭേദങ്ങളാണ് ഇതുവരെ കണ്ടെത്തിയത്.

ഒരു രാജ്യത്ത് കണ്ടെത്തിയ വകഭേദം ആ രാജ്യത്തിന് കളങ്കമാവാന്‍ പാടില്ലെന്ന് ഡബ്ല്യുഎച്ച്ഒ കൊവിഡ് സാങ്കേതികവിഭാഗം മേധാവി മരിയ വാന്‍ കെര്‍ഖോവ് ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യന്‍ വകഭേദമെന്ന് പ്രയോഗിക്കുന്നതിനെതിരേ കേന്ദ്രസര്‍ക്കാര്‍ നേരത്തെ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് ഡബ്ല്യുഎച്ച്ഒയുടെ നീക്കം. ഡെല്‍റ്റ വകഭേദത്തിന്റെ തീവ്രത വര്‍ധിച്ചതായാണ് മനസ്സിലാവുന്നത്. അതിനര്‍ഥം ഇത് കൂടുതല്‍ പേരിലേക്ക് വ്യാപിക്കുമെന്നാണ്. ബി.1.617.2 വകഭേദം സംബന്ധിച്ച കുറച്ച് റിപോര്‍ട്ടുകള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News