ഇന്ത്യക്കാര്‍ പശുമൂത്രം കുടിക്കുന്നവരെന്ന പരാമര്‍ശം നടത്തിയ പാക് മന്ത്രി രാജിവച്ചു

Update: 2019-03-05 16:36 GMT

ഇസ്‌ലാമാബാദ്: ഇന്ത്യാ വിരുദ്ധ പരാമര്‍ശം നടത്തിയ പാക് മന്ത്രി രാജിവച്ചു. പഞ്ചാബ് പ്രവിശ്യാ സാംസ്‌കാരിക മന്ത്രിയും തെഹ്‌രീക് ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഫയാസുല്‍ ഹസ്സന്‍ ചോഹാന്‍ ആണ് രാജിവച്ചത്. ഫെബ്രുവരി 24നു ലാഹോറില്‍ നടന്ന പരിപാടിയിലാണ് ചോഹാന്‍, ഇന്ത്യക്കാരെല്ലാം പശുമൂത്രം കുടിക്കുന്നവരാണെന്ന പരാമര്‍ശം നടത്തിയത്. ഇത് ഹിന്ദുക്കളെ അപമാനിക്കുന്ന പ്രസ്താവനയാണെന്ന് ആരോപിച്ചു നിരവധി പേര്‍ രംഗത്തെത്തുകയായിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നു ചോഹാന്‍ മാപ്പു പറഞ്ഞിരുന്നു. ചോഹാന്റെ പരാമര്‍ശം ഹിന്ദു സമുദായത്തെ വേദനിപ്പിച്ചെന്ന ആരോപണം നേരിട്ടതിനെ തുടര്‍ന്നാണ് മന്ത്രിയോട് രാജി വെക്കാന്‍ ആവശ്യപ്പെട്ടതെന്നു തെഹ്‌രീക് ഇന്‍സാഫ് പാര്‍ട്ടി വക്താവ് അറിയിച്ചു. സമുദായ സൗഹാര്‍ദവും ന്യൂനപക്ഷ സംരക്ഷണവും എല്ലാകാലത്തും കാത്തുസൂക്ഷിക്കുന്ന രാജ്യമാണ് പാകിസ്താനെന്നും ഇതിനാലാണ് രാജി ആവശ്യപ്പെട്ടതെന്നും പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു.

Tags:    

Similar News