പാക് സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജിയാവാന്‍ ഒരുങ്ങി ജസ്റ്റിസ് ആയിശ മാലിക്

ഇവരുടെ നിയമനത്തിന് പാകിസ്താന്‍ ജുഡീഷ്യല്‍ കമ്മീഷന്‍ കഴിഞ്ഞ ദിവസമാണ് അംഗീകാരം നല്‍കിയത്.

Update: 2022-01-07 03:35 GMT

ഇസ്‌ലാമാബാദ്: പാക് സുപ്രിംകോടതിയിലെ പ്രഥമ വനിതാ ജഡ്ജിയായി ജസ്റ്റിസ് ആയിശ മാലിക്കിനെ തിരഞ്ഞെടുത്തു. നിലവില്‍ ഇവര്‍ ലാഹോര്‍ ഹൈക്കോടതി ജഡ്ജിയാണ്. ഇവരുടെ നിയമനത്തിന് പാകിസ്താന്‍ ജുഡീഷ്യല്‍ കമ്മീഷന്‍ കഴിഞ്ഞ ദിവസമാണ് അംഗീകാരം നല്‍കിയത്. ചീഫ് ജസ്റ്റിസ് ഗുല്‍സാര്‍ അഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ആയിശ മാലിക്കിനെ തിരഞ്ഞെടുത്തത്. നാലിനെതിരെ അഞ്ച് വോട്ടുകള്‍ക്കാണ് ആയിശയെ സുപ്രിംകോടതി ജഡ്ജിയായി ഉയര്‍ത്താന്‍ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ചേര്‍ന്ന ജുഡീഷ്യല്‍ കമ്മീഷന്‍ യോഗം ആയിശ മാലികിന്റെ നിയമനം തള്ളിയിരുന്നു.

അതേസമയം, സീനിയോറിറ്റി പരിഗണിക്കാതെയാണ് ആയിശ മാലിക്കിനെ സുപ്രിംകോടതി ജഡ്ജിയായി നിയമിച്ചതെന്ന് ആരോപിച്ച് ബാര്‍ അസോസിയേഷന്‍ രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തെ അഞ്ച് ഹൈക്കോടതികളില്‍ സേവനമനുഷ്ഠിക്കുന്ന നിരവധി ജഡ്ജിമാരേക്കാള്‍ ജൂനിയറാണ് ജസ്റ്റിസ് ആയിശയെന്ന് പാക്കിസ്താന്‍ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുള്‍ ലത്തീഫ് അഫ്രീദി പറഞ്ഞു. നിയമനത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ജസ്റ്റിസ് ആയിശ മാലിക്കിന്റെ പേര് ജെപിസി അംഗീകരിച്ചാല്‍ കോടതികള്‍ ബഹിഷ്‌കരിക്കുമെന്ന് വ്യാഴാഴ്ച പാകിസ്താന്‍ ബാര്‍ കൗണ്‍സില്‍ (പിബിസി) ഭീഷണി മുഴക്കിയിരുന്നു.

അതേസമയം, പാകിസ്താന്‍ ജുഡീഷ്യല്‍ കമ്മിഷന്റെ ശുപാര്‍ശ ഇനി പാര്‍ലമെന്ററി സമിതി പരിഗണിക്കും. മിക്ക കേസുകളിലും, ഈ കമ്മിറ്റി ജെസിപിയുടെ ശുപാര്‍ശ അംഗീകരിക്കാറാണ് പതിവ്.

ആരാണ് ജസ്റ്റിസ് ആയിശ മാലിക്?

ഹാര്‍വാര്‍ഡ് ലോ സ്‌കൂളില്‍ നിന്ന് എല്‍എല്‍എം ബിരുദം നേടിയ ജസ്റ്റിസ് ആയിഷ മാലിക്, 2012ല്‍ ലാഹോര്‍ ഹൈക്കോടതി ജഡ്ജിയായി നിയമിതയാകുന്നതിന് മുമ്പ് ഒരു പ്രമുഖ കോര്‍പ്പറേറ്റ് വാണിജ്യ നിയമ സ്ഥാപനത്തിലെ പങ്കാളിയായിരുന്നു. നിലവില്‍ ലാഹോര്‍ ഹൈക്കോടതിയിലെ ഏറ്റവും മുതിര്‍ന്ന നാലാമത്തെ ജഡ്ജിയാണ്. .

അച്ചടക്കത്തിനും സത്യസന്ധതയ്ക്കും പേരുകേട്ട അവര്‍ തിരഞ്ഞെടുപ്പിലെ സ്വത്ത് പ്രഖ്യാപനം, കരിമ്പ് കര്‍ഷകര്‍ക്ക് പണം നല്‍കല്‍, പാകിസ്താനില്‍ അന്താരാഷ്ട്ര മധ്യസ്ഥത നടപ്പിലാക്കല്‍ എന്നിവ ഉള്‍പ്പെടെ നിരവധി സുപ്രധാന ഭരണഘടനാ വിഷയങ്ങളില്‍ തീരുമാനമെടുത്തിട്ടുണ്ട്.

പാകിസ്താന്‍ സുപ്രിം കോടതിയിലേക്ക് ഉയര്‍ത്തപ്പെടുകയാണെങ്കില്‍, ജസ്റ്റിസ് ആയിശ മാലിക് 2031 ജൂണ്‍ വരെ സുപ്രിം കോടതി ജഡ്ജിയായി സേവനമനുഷ്ഠിക്കും. 2031ല്‍ 65ാം വയസ്സില്‍ വിരമിക്കുന്നതിന് മുമ്പ്, ജസ്റ്റിസ് ആയിഷ മാലിക് പാകിസ്ഥാന്‍ സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാകും. പാക്കിസ്ഥാന്റെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് പോലും.

Tags:    

Similar News