ന്യൂഡല്‍ഹി: ശിക്ഷ അനുഭവിച്ചു കഴിഞ്ഞ 360 തടവുകാരെ വിട്ടയക്കാന്‍ പാകിസ്താന്‍ ഒരുങ്ങുന്നതായി പാകിസ്താന്‍ റേഡിയോ റിപോര്‍ട്ടു ചെയ്തു. പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മുഹമ്മദ് ഫൈസല്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചതെന്നും പാകിസ്താന്‍ റേഡിയോ റിപോര്‍ട്ടു ചെയ്തു. അടുത്ത തിങ്കളാഴ്ചയും ഈ മാസം 15നും 22നും 100 പേരെ വിട്ടയക്കും. 29നു 60 പേരെയും വിട്ടയക്കുമെന്നാണു മുഹമ്മദ് ഫൈസല്‍ അറിയിച്ചത്. തങ്ങളുടെ നടപടി ഇന്ത്യക്കു പ്രചോദനമാവുമെന്നാണു കരുതുന്നതെന്നും ഇന്ത്യയിലുള്ള 347 പാക് തടവുകാരെ വിട്ടയക്കാന്‍ ഇന്ത്യ തയ്യാറാവുമെന്നാണു കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. മീന്‍ പിടുത്തക്കാരടക്കം 537 ഇന്ത്യക്കാരാണ് പാക് തടവില്‍ കഴിയുന്നത്. ഇവരില്‍ 360 പേരെ വിട്ടയക്കാനാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്.