ഇസ്‌ലാമാബാദ്: ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട പുല്‍വാമ ആക്രമണത്തെ അപലപിച്ചു പാക് മാധ്യമപ്രവര്‍ത്തക ഷേര്‍ മിര്‍സ. പുല്‍വാമ ആക്രമണത്തെ അപലപിക്കുന്ന പോസ്റ്റര്‍ പിടിച്ചുള്ള ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത മിര്‍സ, ആക്രമണത്തെ എല്ലാവരും അപലപിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനായി #AntiHateChallenge എന്ന ഹാഷ്ടാഗില്‍ സോഷ്യല്‍ മീഡിയാ ക്യാംപയിനിങും മിര്‍സ ആരംഭിച്ചിട്ടുണ്ട്. സൈനികരുടെ മരണത്തിനു കാരണമായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഏതു തരത്തിലുള്ള ആക്രമണങ്ങള്‍ക്കെതിരേയും യുദ്ധത്തിനെതിരേയും ശക്തമായി നിലകൊള്ളേണ്ട സമയമാണിത്. ഇതിനായാണ് #AntiHateChallenge എന്ന ക്യാംപയിനിലൂടെ ഉദ്ദേശിക്കുന്നത്. പുല്‍വാമ ആക്രമണത്തെ അപലപിക്കാന്‍ മാത്രമല്ല ഈ ക്യാംപയിനിങ്. മറിച്ചു നമ്മുടെ ഇന്ത്യന്‍ സുഹൃത്തുക്കളോടു അനുഭാവം പ്രകടിപ്പിക്കാന്‍ കൂടിയാണ്. നമ്മുടെ വികാരവും അനുകമ്പയും ഇന്ത്യക്കാരെ ബോധ്യപ്പെടുത്തേണ്ട സമയമാണിത്. ഇതിനായി എല്ലാവരും ക്യാംപയിനിങിന്റെ ഭാഗമാവണമെന്നും മിര്‍സ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു. ഫേസ്ബുക്കില്‍ യുദ്ധത്തിനെതിരായ ശക്തമായ എതിര്‍പ്പ് പങ്കുവെച്ച മാധ്യമപ്രവര്‍ത്തക, ഇന്ത്യക്കാരനായാലും പാകിസ്ഥാനിയായാലും കൊല്ലപ്പെടുന്നത് മനുഷ്യരാണെന്നും ഓര്‍മിപ്പിക്കുന്നു. കിഴക്കായാലും പടിഞ്ഞാറായാലും സമാധാനം തകര്‍ക്കുന്നതാണ് യുദ്ധം. ഇന്നത് തീയും രക്തവും വാരി വിതറും. നാളെയത് പട്ടിണിയും ദാരിദ്ര്യവും വിതക്കും. മറ്റൊന്നും യുദ്ധം കൊണ്ടു നേടാനില്ലെന്നും ഓര്‍മപ്പെടുത്തിയാണു മിര്‍സയുടെ പോസ്റ്റ് അവസാനിക്കുന്നത്. അതേസമയം മിര്‍സയുടെ ക്യാംപയിനിങിനെ അനുകൂലിച്ചു നിരവധി പാകിസ്ഥാനികളാണ് രംഗത്തെത്തിയത്. പുല്‍വാമ ആക്രണത്തെയും യുദ്ധത്തെയും അപലപിച്ചു നിരവധി പേര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിട്ടുണ്ട്.