പാസ്‌വേഡ് അറിയുന്ന മേധാവി മരിച്ചു;1038 കോടിയുടെ ലോക്കര്‍ തുറക്കാനാവാതെ കമ്പനി
സിഇഒ മരണപ്പെട്ടതോടെ ഡിജിറ്റല്‍ കറന്‍സികള്‍ എങ്ങനെ തിരിച്ചെടുക്കുമെന്നറിയാതെ ക്വാഡ്രിഗയിലെ ഒരു ലക്ഷത്തോളം അംഗങ്ങള്‍ ആശങ്കയിലാണ്
കാനഡ: മൊബൈലിന്റെ പാസ്‌വേഡ് മറന്നുപോയാല്‍തന്നെ ടെന്‍ഷനടിക്കുന്നവരാണ് നാമെല്ലാം. എന്നാല്‍ പാസ്‌വേഡ് ഒരാള്‍ മാത്രം സൂക്ഷിക്കുകയും അയാള്‍ മരണപ്പെട്ടു പോവുകയും ചെയ്താലോ. അതും ദശകോടികളുടെ ലോക്കറിന്റെ. ആരും അമ്പരന്നുപോവുന്ന സംഭവമിതാ. പ്രശസ്തമായ ക്രിപ്‌റ്റോ കറന്‍സി കമ്പനിയുടെ സിഇഒയായ ജെറാള്‍ഡ് കോട്ടണ്‍ ഇന്ത്യയിലേയ്ക്കുള്ള യാത്രയ്ക്കിടെ മരണപ്പെട്ടതാണു ഡിജിറ്റല്‍ ലോകത്തെ ആകെ ഞെട്ടിച്ചിരിക്കുന്നത്. കാരണം, അദ്ദേഹത്തിനുമാത്രമറിയാവുന്ന പാസ്‌വേഡുകള്‍ അറിയാതെ ഡിജിറ്റല്‍ ലോക്കറുകള്‍ തുറക്കാനാവാത്തതാണു പ്രശ്‌നം. ക്വാഡ്രിഗ എന്ന കമ്പനിയുടെ സിഇഒ ആയി 30 വയസ്സുമാത്രം പ്രായമുള്ള അദ്ദേഹത്തിന്റെ ലോക്കറുകളലിലുള്ളത് ചില്ലറ പൈസയൊന്നുമല്ല. 1038 കോടി രൂപയുടെ നിക്ഷേപമാണ്. കോള്‍ഡ് വാലറ്റ് എന്ന ഓഫ്‌ലൈന്‍ സ്‌റ്റോറേജില്‍ സൂക്ഷിച്ചിട്ടുള്ള ബിറ്റ്‌കോയിനും മറ്റ് ഡിജിറ്റല്‍ കറന്‍സികളും ലോക്കറില്‍ മരവിച്ചിരിക്കുകയാണ്. ഹാക്കര്‍മാര്‍ തട്ടിയെടുക്കുമോ എന്നു പേടിച്ച് പാസ്‌വേഡുകള്‍ ആര്‍ക്കും ഇദ്ദേഹം നല്‍കിയിരുന്നില്ല. സിഇഒ മരണപ്പെട്ടതോടെ ഡിജിറ്റല്‍ കറന്‍സികള്‍ എങ്ങനെ തിരിച്ചെടുക്കുമെന്നറിയാതെ ക്വാഡ്രിഗയിലെ ഒരു ലക്ഷത്തോളം അംഗങ്ങള്‍ ആശങ്കയിലാണ്. ഭാര്യയോടു പോലും പറഞ്ഞിട്ടില്ലത്രേ. ഒടുവില്‍ ഹാക്കര്‍മാരെയും ടെക് വിദഗ്ധരെയും സമീപിച്ചിരിക്കുകയാണ് കമ്പനി അധികൃതര്‍. ഇതില്‍നിന്നു നമുക്കും വലിയ പാഠമുണ്ട്. ചെറിയ ഡിജിറ്റല്‍ സങ്കേതത്തിന്റെ പോലും പാസ്‌വേഡ് എവിടെയെങ്കിലും കുറിച്ചുവയ്ക്കുകയോ മറ്റാരോടെങ്കിലും പറയുകയോ ചെയ്തില്ലെങ്കില്‍ വലിയ ആപത്തുണ്ടാവും.