യൂ ട്യൂബ് മേധാവിയായി ഇന്ത്യന്‍ വംശജന്‍ നീല്‍ മോഹന്‍

Update: 2023-02-17 02:15 GMT

വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വീഡിയോ പ്ലാറ്റ്‌ഫോമായ യൂ ട്യൂബിന്റെ പുതിയ മേധാവിയായി ഇന്ത്യന്‍ വംശജനായ നീല്‍ മോഹന്‍ എത്തുന്നു. യൂ ട്യൂബ് മേധാവി സ്ഥാനത്തെ ഒമ്പത് വര്‍ഷത്തെ സേവനത്തിന് ശേഷം സൂസന്‍ ഡയാന്‍ വോജിസ്‌കി സിഇഒ സ്ഥാനമൊഴിയുന്നതിന് പിന്നാലെയാണ് നീല്‍ ആ സ്ഥാനത്തേക്ക് എത്തുന്നതും പ്രഖ്യാപിക്കപ്പെട്ടത്. യൂ ട്യൂബിന്റെ ചീഫ് പ്രൊഡക്റ്റ് ഓഫിസറായി പ്രവര്‍ത്തിക്കുകയായിരുന്നു നീല്‍ മോഹന്‍. 2008ലാണ് നീല്‍ മോഹന്‍ ചീഫ് പ്രൊഡക്റ്റ് ഓഫിസറായി യൂ ട്യൂബില്‍ ചുമതലയേറ്റത്.

മോഹന്‍ മൈക്രോസോഫ്റ്റ്, സ്റ്റിച്ച് ഫിക്‌സ് എന്നീ കമ്പനികളില്‍ ജോലി ചെയ്ത അനുഭവസമ്പത്തും നീലിനുണ്ട്. തന്റെ കുടുംബം, ആരോഗ്യം, വ്യക്തിഗത പ്രോജക്ടുകള്‍ എന്നിവയില്‍ ഇനി ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സ്ഥാനമൊഴിയുന്ന മിസ് വോജിസ്‌ക്കി പറഞ്ഞു. മുമ്പ് ഗൂഗിളില്‍ പരസ്യ ഉല്‍പ്പന്നങ്ങളുടെ സീനിയര്‍ വൈസ് പ്രസിഡന്റായിരുന്ന വോജിസ്‌ക്കി 2014ലാണ് യൂട്യൂബിന്റെ സിഇഒ ആവുന്നത്. ഗൂഗിളിന്റെ ആദ്യകാല ജീവനക്കാരില്‍ ഒരാളായിരുന്നു അവര്‍. ഏകദേശം 25 വര്‍ഷമായി മാതൃ കമ്പനിയായ ആല്‍ഫബെറ്റ് ഇങ്കിലുണ്ട്. ഗൂഗിളിന് മുമ്പ്, വോജ്‌സ്‌ക്കി ഇന്റല്‍ കോര്‍പറേഷനിലും ബെയിന്‍ ആന്റ്കമ്പനിയിലും ജോലി ചെയ്തിരുന്നു.

Tags:    

Similar News