വിവാദ റിസോര്‍ട്ടില്‍ ഇ പി ജയരാജന് പങ്കില്ല, ഭാര്യയ്ക്ക് ആയിരം ഓഹരി മാത്രം; വിശദീകരണവുമായി സിഇഒ
കണ്ണൂര്‍: വിവാദമായ വൈദേകം ആയുര്‍വേദ റിസോര്‍ട്ട് വിവാദത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ പി ജയരാജനെ ന്യായീകരിച്ച് റിസോര്‍ട്ട് സിഇഒ രംഗത്ത്. ഇ പി ജയരാജന് റിസോര്‍ട്ടില്‍ പങ്കാളിത്തമില്ലെന്നും പൊതുസമൂഹത്തിനു മുന്നില്‍ ഇകഴ്ത്തിക്കാട്ടാനുള്ള ഗൂഢാലോചനയാണ് വിവാദത്തിനു പിന്നിലെന്നും റിസോര്‍ട്ട് സിഇഒ തോമസ് ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. വൈദേകം ആയൂര്‍വേദം ഹീലിങ് വില്ലേജ് എന്ന സ്ഥാപനം 20 ഓഹരി ഉടമകള്‍ ചേര്‍ന്ന് നടത്തുന്ന ആയുര്‍വേദ ആശുപത്രിയാണ്. അതില്‍ ജയരാജന് പങ്കാളിത്തമില്ല.
ജയരാജന്റെ ഭാര്യ ഇന്ദിരയ്ക്ക് 10 ലക്ഷം വിലവരുന്ന ആയിരം ഓഹരിയും മകന്‍ ജെയ്‌സണിന് രണ്ടുശതമാനം ഓഹരിയും മാത്രമാണുള്ളത്. ജെയ്‌സണ്‍ റിസോര്‍ട്ടിന്റെ ഡയറക്ടറുമാണ്. വിവാദത്തിനു പിന്നില്‍ പഴയ എംഡിയാണ്. മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റി പുതിയ ഒരാളെ എംഡിയായി നിയമിച്ചതിലുള്ള വൈരാഗ്യമാവാം വിവാദങ്ങള്‍ക്കു കാരണം. ഈ എംഡിയുടെ പേരും ഇയാളെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളും രണ്ടുദിവസത്തിനുള്ളില്‍ വെളിപ്പെടുത്തുമെന്നും സിഇഒ പറഞ്ഞു. റിസോര്‍ട്ടിന്റെ ദൈനദിന കാര്യങ്ങളില്‍ ജയരാജന്റെ മകന്‍ ഇടപെടാറില്ല. ഇപിയെ വിവാദത്തില്‍ വലിച്ചിഴയ്ക്കുന്നത് മാധ്യമശ്രദ്ധ നേടാന്‍ മാത്രമാണ്. ഇപിക്ക് ബേജാറാവന്‍ ഒന്നുമില്ല. എല്ലാ കാര്യങ്ങളും സുതാര്യമായി നടക്കുന്ന കമ്പനിയില്‍ എല്ലാ കാര്യങ്ങളും വ്യക്തമായി മുന്നോട്ടുവരിക തന്നെ ചെയ്യും.
വിവാദങ്ങള്‍ ചില്ലുകൊട്ടാരംപോലെ പൊട്ടിപ്പോവും. കണ്ണൂര്‍ ജില്ലയില്‍ ഒരു ആശുപത്രി വരുമ്പോള്‍ അവിടെ പ്രവര്‍ത്തിക്കുന്ന മറ്റ് ആശുപത്രിയുടെ തലപ്പത്തിരിക്കുന്നവര്‍ക്ക് ക്ഷണക്കത്ത് കൊടുക്കുന്നത് സ്വാഭാവികമല്ലേ. അങ്ങനെയുള്ളപ്പോള്‍ എകെജി ഹോസ്പിറ്റലിന്റെയും ഇന്ദിരാഗാന്ധി സഹകരണാശുപത്രിയുടെ പ്രസിഡന്റുമാരെ ക്ഷണിച്ചതില്‍ എന്താണു തെറ്റ്. മമ്പറം ദിവാകരനും മറ്റും അവിടെയെത്തിയതിന്റെ ഫോട്ടോ വലിയ രീതിയില്‍ പ്രചരിക്കപ്പെട്ടു. ആ ഫോട്ടോയെടുത്തതും മുന്‍ എംഡിയുടെ ബന്ധുവാണ്. ഈ വിഷയത്തില്‍ മമ്പറം ദിവാകരനെ വലിച്ചിഴച്ചത് ദുരുദ്ദേശത്തോടെയാണെന്നും സിഇഒ കൂട്ടിച്ചേര്‍ത്തു.