ബ്രിട്ടനിലെ പ്ലൈമൗത്തില്‍ വെടിവയ്പ്പ്: അക്രമിയുള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെട്ടു
ലണ്ടന്‍: ബ്രിട്ടനിലെ പ്രമുഖ വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നായ പ്ലൈമൗത്തിലുണ്ടായ വെടിവയ്പ്പില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. ദക്ഷിണപടിഞ്ഞാറന്‍ ഇംഗ്ലീഷ നഗരമാണ് പ്ലൈമൗത്ത്. വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരില്‍ അക്രമിയെന്ന് സംശയിക്കുന്ന ആയുധധാരിയും ഉള്‍പ്പെടുന്നു. കൊല്ലപ്പെട്ട അക്രമി ജെയ്ക്ക് ഡേവിസണ്‍ ആണെന്ന് തിരിച്ചറിഞ്ഞതായി ബിബിസി റിപോര്‍ട്ട് ചെയ്തു. ഇയാളുടെ മൃതദേഹവും കണ്ടെടുത്തിട്ടുണ്ട്.
അഞ്ച് പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരണപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ രണ്ട് പുരുഷന്‍മാരും മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. പ്ലൈമൗത്തിലെ കീഹാം പ്രദേശത്ത് വ്യാഴാഴ്ച വൈകീട്ട് നടന്ന സംഭവത്തിന് ഭീകരബന്ധമില്ലെന്ന് പോലിസ് അറിയിച്ചു. 2010നുശേഷം ബ്രിട്ടനില്‍ നടക്കുന്ന മോശം കൂട്ടക്കൊലയാണിത്. വെടിവയ്പ്പില്‍ പരിക്കേറ്റ ഒരു സ്ത്രീ ആശുപത്രിയിലാണ് മരിച്ചതെന്ന് ഡെവോണ്‍ ആന്റ് കോണ്‍വാള്‍ പോലിസ് പറഞ്ഞു.
വെടിവയ്ക്കുന്ന ശബ്ദവും അലര്‍ച്ചയും കേട്ട് പ്രദേശവാസികളാണ് പോലിസിനെ വിവരമറിയിച്ചത്. ആയുധധാരിയും മരിച്ചവരും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് പോലിസ് അന്വേഷണം തുടങ്ങി. പോലിസ് പ്രദേശം വളഞ്ഞിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മറ്റാരെയും പോലിസ് പിടികൂടിയിട്ടില്ല. 'എന്റെ ചിന്തകള്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ സുഹൃത്തുക്കളോടും കുടുംബത്തോടും ഒപ്പമാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ട്വീറ്റ് ചെയ്തു.
ആഭ്യന്തര മന്ത്രി പ്രീതി പട്ടേല്‍ സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി. കൊല്ലപ്പെട്ടവരോടൊപ്പമുണ്ട് താന്‍. ഹെഡ് കോണ്‍സ്റ്റബിളുമായി സംസാരിച്ച് പൂര്‍ണപിന്തുണ വാഗ്ദാനം ചെയ്തതായും അവര്‍ അറിയിച്ചു. ഇത് 'പറഞ്ഞറിയിക്കാനാവാത്തവിധം ഭയങ്കരമാണ്'. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ കുട്ടിയാണെന്ന് അറിയാന്‍ കഴിഞ്ഞു. അതോടെ തകര്‍ന്നുപോയെന്ന് പ്ലൈമൗത്ത് സട്ടണ്‍ & ഡെവോണ്‍പോര്‍ട്ട് എംപി ലൂക്ക് പൊള്ളാര്‍ഡ് കൂട്ടിച്ചേര്‍ത്തു,