ഖഷഗ്ജി വധം: സൗദി രാജകുടുംബത്തിന്റെ ഉപദേശകന്‍ എവിടെയാണ്?
പല ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ടെങ്കിലും അധികൃതരും പോലിസും അതേക്കുറിച്ച് തികഞ്ഞ നിശ്ശബ്ദത പാലിക്കുന്നു.
റിയാദ്: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജിയുടെ വധത്തിലേക്ക് നയിച്ച സംഭവങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ചുവെന്ന് കരുതപ്പെടുന്ന സൗദി രാജകുടുംബത്തിന്റെ ഉപദേശകന്‍ സൗദ് അല്‍ഖഹ്ത്താനി ഇപ്പോള്‍ എവിടെയാണ്? പല ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ടെങ്കിലും അധികൃതരും പോലിസും അതേക്കുറിച്ച് തികഞ്ഞ നിശ്ശബ്ദത പാലിക്കുന്നു.
അദ്ദേഹത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതായി സര്‍ക്കാര്‍ പ്രഖ്യാപിച്ച് ഏഴ് ആഴ്ച്ച പിന്നിട്ടെങ്കിലും മറ്റു വിവരങ്ങളൊന്നും പുറത്തുവന്നില്ല. ജിദ്ദയിലെ തീരദേശ നഗരത്തിലും തലസ്ഥാനത്തെ റോയല്‍ കോര്‍ട്ട് ഓഫിസിലും അടുത്ത കാലത്ത് ഖഹ്ത്താനിയെ കണ്ടതായി സര്‍ക്കാരുമായി അടുപ്പമുള്ള ഒരു വ്യക്തി പറയുന്നു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഉന്നത സഹായിയും അടുപ്പക്കാരുമായിരുന്ന ഖഹ്ത്താനി രാജ്യത്തെ ഒരു വിദൂര പ്രദേശത്ത് അധികമാരും അറിയാതെ കഴിയുകയാണെന്ന് വേറെ ചില റിപോര്‍ട്ടുകള്‍.
ഖഷഗ്ജിയുടെ വധത്തില്‍ ഉള്‍പ്പെട്ട എല്ലാവരെയും ശിക്ഷിക്കുമെന്ന സൗദിയുടെ അവകാശവാദം പ്രാവര്‍ത്തികമാവുമോ എന്നറിയാന്‍ ഖഹ്ത്താനിയെക്കുറിച്ചുള്ള വിവരങ്ങളില്‍ വിദേശരാജ്യങ്ങള്‍ക്കും താല്‍പര്യമുണ്ട്. സൗദി അധികൃതര്‍ ആരോപിക്കുന്നതു പോലെ ഖഹ്ത്താനിയാണോ ഖഷഗ്ജിയെ വധിക്കാനുള്ള പദ്ധതി തയ്യാറാക്കിയത്, അതല്ല സര്‍ക്കാരിന് വേണ്ടി അദ്ദേഹം ബലിയാടാവുകയായിരുന്നോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരം ലഭിച്ചിട്ടില്ല.
കിരീവാകാശി തന്നെയാണ് ഖഷഗ്ജിയെ വധിക്കാന്‍ ഉത്തരവിട്ടതെന്നാണ് സിഐഎ അന്വേഷണത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍, മുഹമ്മദ് ബിന്‍ സല്‍മാന് വിഷയത്തെക്കുറിച്ച് അറിയില്ലെന്നാണ് സൗദി സര്‍ക്കാരിന്റെ അവകാശവാദം. രാജഭക്തി കാണിക്കാനുള്ള ഖഹ്ത്താനിയുടെ തെറ്റായ ശ്രമമായിരുന്നു സംഭവത്തിന് പിന്നിലെന്നും സൗദി അധികൃതരില്‍ ചിലര്‍ സ്വകാര്യമായി പറയുന്നു.
ഖഹത്താനി സ്വതന്ത്രനാണോ, അറസ്റ്റിലാണോ, വീട്ട് തടങ്കലിലാണോ തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും സൗദി അധികൃതര്‍ ഉത്തരം നല്‍കിയിട്ടില്ല. 11 പ്രതികള്‍ ആദ്യമായി കോടതിയില്‍ ഹാജരായതായി സൗദി ജനറല്‍ പ്രോസിക്യൂട്ടര്‍ വ്യാഴാഴ്ച്ച വ്യക്തമാക്കിയിരുന്നു. എന്നാല്‍, പ്രോസിക്യൂട്ടര്‍ ഓഫിസ് അവരുടെ പേര് വെളിപ്പെടുത്തിയിരുന്നില്ല. ഖഹ്ത്താനി അവരുടെ കൂട്ടത്തിലുണ്ടോ എന്ന കാര്യവും വ്യക്തമാക്കിയിട്ടില്ല.
നവംബര്‍ 15നാണ് ഖഹ്ത്താനിയെക്കുറിച്ച് അന്വേഷണം നടക്കുന്നതായും രാജ്യത്തിന് പുറത്തുപോകുന്നതിന് വിലക്കുണ്ടെന്നും സൗദി അധികൃതര്‍ അറിയിച്ചത്. അതേ ദിവസം, തന്നെ അമേരിക്ക ഖഹ്ത്താനിക്കെതിരേ ഉപരോധം പ്രഖ്യാപിച്ചിരുന്നു.
രാജകുടുംബത്തിന്റെ ഉപദേശക സ്ഥാനത്ത് നിന്ന് ഖഹ്ത്താനിയെ ഒഴിവാക്കിയതായി സൗദി സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും അക്കാര്യത്തിലും അവ്യക്തത നിലനില്‍ക്കുന്നുണ്ട്. ഇപ്പോഴും ഖഹ്ത്താനിക്ക് സൗദി ഉന്നതവൃത്തങ്ങളില്‍ സ്വാധീനമുള്ളതായാണ് റിപോര്‍ട്ട്.
ഭരണകൂട വിമര്‍ശകരെയും എതിരാളികളെയും അറസ്റ്റ് ചെയ്യുന്നതിലും പീഡിപ്പിക്കുന്നതിലും ഖഹ്ത്താനിക്ക് മുഖ്യ പങ്കുള്ളതായി മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നു.