ഗോവധം നിരോധിക്കാനൊരുങ്ങി ശ്രീലങ്ക; ബീഫ് ഇറക്കുമതിക്ക് തടസ്സമുണ്ടാവില്ല
ബുദ്ധമത ഭൂരിപക്ഷമുള്ള ശ്രീലങ്കയില്‍ 99 ശതമാനം ആളുകള്‍ മാംസം ഭക്ഷിക്കുന്നവരാണ്. എന്നാല്‍, ഭൂരിപക്ഷം ഹിന്ദുക്കളും ബുദ്ധമതക്കാരും ഗോമാംസം കഴിക്കാറില്ല. ബുദ്ധസന്യാസിമാര്‍ക്ക് കൂടുതല്‍ സ്വാധീനമുള്ള രാജപാക്‌സെയുടെ നേതൃത്വത്തിലുള്ള എസ്എല്‍പിപി മതപരമായ കാരണങ്ങളാല്‍ പശു കശാപ്പ് നിരോധിക്കാന്‍ തുടര്‍ച്ചയായി സര്‍ക്കാരുകളെ സമ്മര്‍ദത്തിലാക്കുകയാണ്.
കൊളംബോ: ശ്രീലങ്കയില്‍ ഗോവധ നിരോധം ഏര്‍പ്പെടുത്താനൊരുങ്ങുന്നു. ഭരണകക്ഷിയായ രാജപാക്‌സെയുടെ പാര്‍ട്ടിയായ ശ്രീലങ്ക പൊതുജന പെരമുന്ന (എസ്എല്‍പിപി) യാണ് ഗോവധം നിരോധിക്കാനുള്ള ശുപാര്‍ശ മുന്നോട്ടുവച്ചിരിക്കുന്നത്. എസ്എല്‍പിപിയുടെ പാര്‍ലമെന്റ് സംഘവുമായി പ്രധാനമന്ത്രി രാജപാക്‌സെ ഇക്കാര്യം ചൊവ്വാഴ്ച ചര്‍ച്ച ചെയ്തിട്ടുണ്ട്. ഗോവധത്തിന് നിരോധനമേര്‍പ്പെടുത്തിയാലും ബീഫ് ഇറക്കുമതി ചെയ്യുന്നതിന് തടസ്സമുണ്ടാവില്ലെന്നാണ് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. ഇതുസംബന്ധിച്ച് സര്‍ക്കാരിന് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ രാജപാക്‌സെ തയ്യാറെടുക്കുകയാണെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
ബുദ്ധമത ഭൂരിപക്ഷമുള്ള ശ്രീലങ്കയില്‍ 99 ശതമാനം ആളുകള്‍ മാംസം ഭക്ഷിക്കുന്നവരാണ്. എന്നാല്‍, ഭൂരിപക്ഷം ഹിന്ദുക്കളും ബുദ്ധമതക്കാരും ഗോമാംസം കഴിക്കാറില്ല. ബുദ്ധസന്യാസിമാര്‍ക്ക് കൂടുതല്‍ സ്വാധീനമുള്ള രാജപാക്‌സെയുടെ നേതൃത്വത്തിലുള്ള എസ്എല്‍പിപി മതപരമായ കാരണങ്ങളാല്‍ പശു കശാപ്പ് നിരോധിക്കാന്‍ തുടര്‍ച്ചയായി സര്‍ക്കാരുകളെ സമ്മര്‍ദത്തിലാക്കുകയാണ്. കന്നുകാലി കശാപ്പ് നിരോധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാജപാക്‌സെ ഇതുസംബന്ധിച്ച് നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ടെന്നും കാബിനറ്റ് വക്താവും മാധ്യമമന്ത്രിയുമായ കെഹേലിയ റംബുക്‌വെല്ലയെ ഉദ്ധരിച്ച് പ്രാദേശികമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. സര്‍ക്കാരിന് നിര്‍ദേശം എപ്പോള്‍ സമര്‍പ്പിക്കുമെന്ന് രാജപാക്‌സെ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂനപക്ഷങ്ങളായ മുസ്ലിംകളും ക്രിസ്ത്യാനികളും പ്രത്യേകിച്ച് യൂറോപ്യന്‍ വംശജരായ ആളുകള്‍ ബീഫ് പതിവായി കഴിക്കുന്നവരാണ്. ഈ രണ്ട് വിഭാഗങ്ങളും രാജ്യത്ത് രാഷ്ട്രീയത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നില്ലാത്തതിനാല്‍ അവരുടെ അവകാശങ്ങള്‍ അംഗീകരിക്കേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. കഴിഞ്ഞമാസം നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയ ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരമുന്ന (എസ്എല്‍പിപി) രാജ്യത്തുടനീളം പശുക്കളെ അറുക്കുന്നത് നിരോധിക്കാന്‍ തീരുമാനിച്ചിരുന്നു. അതേസമയം ഗോവധ നിരോധനം സംബന്ധിച്ച് അന്തിമതീരുമാനം കൈക്കൊണ്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട ഔദ്യോഗിക വൃത്തങ്ങള്‍ പ്രതികരിച്ചു.