ദരിദ്രരാജ്യങ്ങളില്‍ വാക്‌സിന്‍ ദൗര്‍ലഭ്യം; ബൂസ്റ്റര്‍ ഡോസുകള്‍ നിര്‍ത്തിവയ്ക്കണമെന്ന് ഡബ്ല്യുഎച്ച്ഒ
ജനീവ: കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ക്ക് പുറമെ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്നതിന് മൊറട്ടോറിയം ഏര്‍പ്പെടുത്താന്‍ ലോകാരോഗ്യസംഘടന ആഹ്വാനം ചെയ്തു. ദരിദ്രരാജ്യങ്ങളില്‍ വാക്‌സിന്റെ കടുത്ത ദൗര്‍ലഭ്യം നേരിടുന്ന പശ്ചാത്തലത്തിലാണിത്. സപ്തംബര്‍ വരെയെങ്കിലും ബൂസ്റ്റര്‍ ഡോസ് വിതരണം നിര്‍ത്തിവയ്ക്കണം. എല്ലാ രാജ്യങ്ങളിലെയും ജനസംഖ്യയുടെ 10 ശതമാനമെങ്കിലും പേര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാന്‍ പ്രാപ്തരാക്കാനാണ് ഈ നീക്കം. സമ്പന്ന രാജ്യങ്ങളും ദരിദ്ര രാജ്യങ്ങളും തമ്മില്‍ കുത്തിവയ്പ്പ് നിരക്ക് തമ്മിലുള്ള വിടവ് വര്‍ധിക്കുന്നു. മരുന്നുകമ്പനികള്‍ സമ്പന്നരാഷ്ടങ്ങള്‍ക്ക് കൂടുതല്‍ വാക്‌സിന്‍ നല്‍കുന്നത് നിയന്ത്രിക്കണമെന്നും ഡബ്ല്യുഎച്ച്ഒ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
'ഡെല്‍റ്റ വേരിയന്റില്‍നിന്ന് തങ്ങളുടെ ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള എല്ലാ സര്‍ക്കാരുകളുടെയും ഉത്കണ്ഠ ഞാന്‍ മനസ്സിലാക്കുന്നു. പക്ഷേ, വാക്‌സിനുകളുടെ ആഗോള വിതരണത്തില്‍ ഭൂരിഭാഗവും ഇതിനകം ഉപയോഗിച്ച രാജ്യങ്ങള്‍ വീണ്ടും അത് ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല. വാക്‌സിന്‍ ഡോസുകള്‍ ഭൂരിപക്ഷവും സമ്പന്നരാജ്യങ്ങളിലേക്ക് മാത്രം പോവുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ അനുസരിച്ച്, ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങള്‍ മെയ് മാസത്തില്‍ ഓരോ 100 ആളുകള്‍ക്കും 50 ഡോസുകള്‍ നല്‍കി. അതിനുശേഷം ആ എണ്ണം ഇരട്ടിയായി. എന്നാല്‍, വാക്‌സിന്‍ വിതരണത്തിന്റെ അഭാവം മൂലം കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങള്‍ക്ക് ഓരോ 100 ആളുകള്‍ക്കും 1.5 ഡോസുകള്‍ മാത്രമേ നല്‍കാന്‍ കഴിയൂ.
ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളിലേക്ക് പോവുന്ന വാക്‌സിനുകളും താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലേക്ക് പോവുന്ന വാക്‌സിനുകളും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതുവരെ അടിയന്തര നടപടി ആവശ്യമാണ്- ടെഡ്രോസ് പറഞ്ഞു. ഡെല്‍റ്റ വേരിയന്റിന്റെ വ്യാപനം തടയാന്‍, അധിക ഷോട്ടുകള്‍ ആവശ്യമുണ്ടോ ഇല്ലയോ എന്ന് ശാസ്ത്രജ്ഞര്‍ ചര്‍ച്ച ചെയ്യുമ്പോഴും ചില രാജ്യങ്ങള്‍ ബൂസ്റ്റര്‍ ഡോസുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ക്ക് സപ്തംബര്‍ മുതല്‍ വീണ്ടും ബൂസ്റ്റര്‍ വാക്‌സീന്‍ (മൂന്നാം ഡോസ്) നല്‍കുമെന്ന് ജര്‍മനിയും രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ക്ക് രണ്ടാം ഡോസിന് മൂന്നുമാസത്തിനുശേഷവും മറ്റുള്ളവര്‍ക്ക് ആറു മാസത്തിനുശേഷവും ബൂസ്റ്റര്‍ വാക്‌സിന്‍ നല്‍കുമെന്ന് യുഎഇയും പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞയാഴ്ച, ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗിന് കൊവിഡ് വാക്‌സിന്റെ മൂന്നാമത്തെ ഷോട്ട് ലഭിച്ചു. രാജ്യത്ത് 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കാനുള്ള പ്രചാരണവും അവര്‍ ആരംഭിച്ചുകഴിഞ്ഞു. ഇതിനു പിന്നാലെയാണ് ലോകാരോഗ്യസംഘടനയുടെ പ്രസ്താവന. കൊവിഡിന്റെ പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാന്‍ കൂടുതല്‍ ശക്തി നല്‍കുന്നതാവും ബൂസ്റ്റര്‍ ഡോസ് വാക്‌സിനുകള്‍. 60 വയസ്സിന് മുകളിലുളളവര്‍ക്കായിരിക്കും ആദ്യം ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുക. മറ്റെന്തെങ്കിലും രോഗങ്ങളുള്ളവര്‍ക്കും ആദ്യഘട്ടത്തില്‍ നല്‍കുന്നത് പരിഗണിക്കും. ആദ്യ രണ്ട് ഡോസുകള്‍ സ്വീകരിച്ച അതേ വാക്‌സിന്‍ തന്നെയാണോ ബൂസ്റ്റര്‍ ഡോസ് നല്‍കേണ്ടത് അല്ലെങ്കില്‍ മറ്റു വാക്‌സിനുകളും നല്‍കാമോ എന്ന കാര്യത്തിലും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.