അഭിനന്ദനെ മോചിപ്പിക്കാന്‍ സമ്മര്‍ദമുണ്ടായിരുന്നില്ലെന്നു പാകിസ്താന്‍

Update: 2019-03-03 12:57 GMT

ലാഹോര്‍: പാക് പിടിയിലായ ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ മോചിപ്പിച്ചത് പുറത്തു നിന്നുള്ള സമ്മര്‍ദം മൂലമല്ലെന്നും സമാധാന ശ്രമങ്ങളുടെ ഭാഗമായാണെന്നും പാകിസ്താന്‍ വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി. ബിബിസിക്കു നല്‍കിയ അഭിമുഖത്തിലാണ് ഖുറേഷി ഇക്കാര്യം പറഞ്ഞത്. അഭിനന്ദന്റെ മോചനത്തിലൂടെ ഇന്ത്യക്ക് ഒരു സന്ദേശം നല്‍കുകയാണ് തങ്ങളുദ്ദേശിച്ചത്. ഇന്ത്യക്കാരെ സങ്കടത്തിലാക്കുകയോ ഇന്ത്യന്‍ പൗരന്‍മാരോട് അപമര്യാദയായി പെരുമാറുകയോ ചെയ്യുക എന്നത് തങ്ങളുടെ നിലപാടല്ല. സമാധാനം മാത്രമാണ് തങ്ങളാഗ്രഹിക്കുന്നത്. ഇതിന്റെ ഭാഗമായാണ് അഭിനന്ദനെ വിട്ടുനല്‍കിയത്- ഖുറേഷി പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കും അവരുടേതായ പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ പരസ്പരം മിസൈല്‍ വര്‍ഷിച്ചാണോ നാം ഈ പ്രശ്‌നങ്ങളെ പരിഹരിക്കേണ്ടതെന്നും ഖുറേഷി ചോദിച്ചു. പാകിസ്താന്‍ സമാധാനം ആഗ്രഹിക്കുന്നതിനാലാണു ഇന്ത്യയുമായി സഹകരിക്കാന്‍ തയ്യാറാവുന്നത്. അയല്‍ക്കാരും ആണവശക്തി ഉള്ളവരുമായ ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചയുടെ വഴിയാണ് സ്വീകരിക്കേണ്ടത്. സമാധാനത്തിനായി ഇന്ത്യയുമായി ഏതു തരത്തിലും സഹകരിക്കാന്‍ പാകിസ്താന്‍ ഒരുക്കമാണ്. സമാധാനത്തിനായി നമുക്കൊരുമിച്ചിരിക്കാം. അതല്ലാതെ യുദ്ധത്തിലേക്കു പോവുന്നത് തികച്ചും ആത്മഹത്യാപരമായ തീരുമാനമായിരിക്കുമെന്നും ഖുറേഷി ചൂണ്ടിക്കാട്ടി. 

Tags:    

Similar News