ലണ്ടന്‍: സാമ്പത്തിക സമത്വം എന്ന ആശയം മുന്‍നിര്‍ത്തി മൗറീഷ്യോ കാറ്റലന്‍ എന്ന ഇറ്റാലിയന്‍ ശില്‍പി നിര്‍മിച്ച അമേരിക്ക എന്നു പേരിട്ട സ്വര്‍ണ ക്ലോസറ്റ് മോഷണം പോയി. ബ്ലെനിം കൊട്ടാരം മ്യൂസിയത്തിലെ ശുചിമുറികളിലൊന്നിലാണ് ക്ലേസറ്റ് സ്ഥാപിച്ചിരുന്നത്. മ്യൂസിയം സന്ദര്‍ശകര്‍ക്കു തുറന്നു കൊടുത്ത് രണ്ടു ദിവസത്തിനുള്ളിലാണ് ക്ലോസറ്റ് മോഷണം പോയത്. മോഷണത്തെ തുടര്‍ന്നു ഒരാള്‍ അറസ്റ്റിലായെങ്കിലും തൊണ്ടിമുതല്‍ കണ്ടെടുത്തിട്ടില്ല.
ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ജന്മഗൃഹമാണ് ഓക്‌സ്ഫഡ്ഷറിലുള്ള ബ്ലെനിം കൊട്ടാരം. യുനെസ്‌കോയുടെ പൈതൃക കേന്ദ്രം കൂടിയാണ്. ചര്‍ച്ചില്‍ പിറന്നുവീണ മുറിയോടു ചേര്‍ന്നുള്ള ശുചിമുറിയിലാണ് ക്ലോസറ്റ് സ്ഥാപിച്ചിരുന്നത്. എല്ലാ ടോയ്‌ലറ്റും പോലെ സന്ദര്‍ശകര്‍ക്കു ഇതും ഉപയോഗിക്കാമായിരുന്നു.