യു എസില്‍ മൂന്ന് ഫലസ്തീന്‍ വിദ്യാര്‍ഥികള്‍ക്ക് വെടിയേറ്റു

Update: 2023-11-27 05:25 GMT

വാഷിംഗ്ടണ്‍: ശനിയാഴ്ച യു.എസിലെ വെര്‍മോണ്ടില്‍ മൂന്ന് ഫലസ്തീന്‍ വിദ്യാര്‍ഥികള്‍ക്ക് വെടിയേറ്റ സംഭവം വിദ്വേഷ കുറ്റകൃത്യമായി കണക്കാക്കണമെന്ന് വിദ്യാര്‍ഥികളുടെ കുടുംബം പോലിസിനോട് ആവശ്യപ്പെട്ടു. ഹിഷാം അവര്‍ത്താനി, തഹ്സീന്‍ അഹമ്മദ്, കിന്നന്‍ അബ്ദല്‍ഹമിദ് എന്നിവരെയാണ് വെര്‍മോണ്ട് യൂണിവേഴ്സിറ്റി കാമ്പസിനു സമീപം അജ്ഞാതന്‍ വെടിവച്ചതെന്ന് ബര്‍ലിംഗ്ടണ്‍ പോലിസ് പറഞ്ഞു.

പോലിസ് പ്രതിക്കായി അന്വേഷണം തുടരുകയാണ്. സംഭവം നടന്നയുടനെ അക്രമി അവിടെ നിന്നും ഓടിപ്പോയതായാണ് സൂചന. വെടിയേറ്റ രണ്ടുപേരുടെ നില തൃപ്തികരമാണെന്നും മൂന്നാമത്തെയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും ബര്‍ലിംഗ്ടണ്‍ പോലിസ് മേധാവി ജോണ്‍ മുറ അറിയിച്ചു. ഹാവര്‍ഫോര്‍ഡ് കോളേജ് വിദ്യാര്‍ഥിയാണ് അബ്ദല്‍ഹമിദ്. ബ്രൗണ്‍ യൂണിവേഴ്സിറ്റിയിലാണ് ഹിഷാം അവര്‍ത്താനി പഠിക്കുന്നത്.കണക്റ്റിക്കട്ടിലെ ട്രിനിറ്റി കോളേജ് വിദ്യാര്‍ഥിയാണ് തഹ്സീന്‍ അഹമ്മദ് .''ഇത് വിദ്വേഷ കുറ്റകൃത്യമായി കണക്കാക്കി സമഗ്രമായ അന്വേഷണം നടത്താന്‍ ഞങ്ങള്‍ നിയമപാലകരോട് ആവശ്യപ്പെടുന്നു'' വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുടെ വാക്കുകളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമിയെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതു വരെ തങ്ങള്‍ക്ക് സമാധാനമായിരിക്കാന്‍ സാധിക്കില്ലെന്ന് അവര്‍ പറഞ്ഞു.

അക്രമത്തെ വെര്‍മോണ്ട് സെനറ്ററും മുന്‍ ഡെമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ ബെര്‍ണി സാന്‍ഡേഴ്സ് അതിക്രമിച്ചു.'വെര്‍മോണ്ടിലെ ബര്‍ലിംഗ്ടണില്‍ മൂന്ന് ഫലസ്തീന്‍ യുവാക്കള്‍ക്ക് വെടിയേറ്റത് ഞെട്ടിപ്പിക്കുന്നതും ആഴത്തില്‍ അസ്വസ്ഥമാക്കുന്നതുമാണ്. വിദ്വേഷത്തിന് ഇവിടെയും എവിടെയും സ്ഥാനമില്ല.' ബെര്‍ണി എക്‌സില്‍ കുറിച്ചു. ഫലസ്തീനികള്‍ക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കണമെന്ന് യുകെയിലെ ഫലസ്തീന്‍ മിഷന്റെ തലവനായ അംബാസഡര്‍ ഹുസാം സോംലോട്ട് ആവശ്യപ്പെട്ടു.


Tags:    

Similar News