യഹ്‌യാ സിന്‍വാറിനെ വധിച്ചതായി ഇസ്രായേല്‍

ഹമാസ് സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല

Update: 2024-10-17 17:29 GMT

ഗസ: ഹമാസ് രാഷ്ട്രീയകാര്യ മേധാവി യഹ്‌യാ സിന്‍വാറിനെ വധിച്ചതായി ഇസ്രായേല്‍. ഗസയില്‍ സയണിസ്റ്റ് സൈന്യം നടത്തിയ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന്‌ ഇസ്രായേല്‍ വിദേശകാര്യമന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.എന്നാല്‍,ഹമാസ് സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. 2023 ഒക്ടോബര്‍ ഏഴിലെ ഐതിഹാസികമായ തൂഫാനുല്‍ അഖ്‌സയുടെ മുഖ്യസൂത്രധാരനായി കരുതപ്പെടുന്ന യഹ്‌യാ സിന്‍വാര്‍ ഗസയില്‍ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയായിരുന്നു.

ശത്രുവിന്റെ അഹന്തയെയും അഹങ്കാരത്തെയും അവകാശവാദങ്ങളെയും അതിനേക്കാള്‍ ശക്തിയില്‍ പ്രഹരിച്ചിരുന്ന യഹ്‌യാ, സയണിസ്റ്റുകളുടെ ഏറ്റവും പ്രധാന സൈനിക ലക്ഷ്യങ്ങളിലൊന്നായിരുന്നു. 2021 മെയ് 27ന് ഗസ തെരുവിലൂടെ പരസ്യമായി നടന്ന് ഇസ്രായേലിനെ വെല്ലുവിളിച്ചത് ലോകമെമ്പാടും ചര്‍ച്ചയായിരുന്നു.

അമേരിക്കന്‍ പിന്തുണയോടെ ഇസ്രായേല്‍ നടത്തിയ സകല തന്ത്രങ്ങളെയും നിമിഷനേരം കൊണ്ട് ഭേദിച്ച തൂഫാനുല്‍ അഖ്‌സയ്ക്ക് പകരം ചോദിച്ചിറങ്ങിയ നെതന്യാഹുവിനും സയണിസ്റ്റ് സൈന്യത്തിനും ഇപ്പോള്‍ ഏറ്റവും ചുരുങ്ങിയത് മൂന്നു മുന്നണികളിലെങ്കിലും യുദ്ധം ചെയ്യേണ്ട അവസ്ഥയെത്തിയിരിക്കുന്നു. ഇസ്രായേലിന് ചുറ്റും ഇന്ന് യുദ്ധക്കളമാണ്. മിസൈലുകളും ഡ്രോണുകളും ഇസ്രായേലിന്റെ ഉള്‍പ്രദേശങ്ങളില്‍ മഴ പോലെ പെയ്തുകൊണ്ടിരിക്കുന്നു. കൊട്ടിഘോഷിക്കപ്പെട്ട മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ക്ക് പോലും തിരിച്ചറിയാന്‍ കഴിയാത്ത മിസൈലുകളും ഡ്രോണുകളും ഇസ്രായേലിന്റെ ഹൃദയഭാഗങ്ങളില്‍ പതിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ അമേരിക്കന്‍ സൈന്യവും നേരിട്ട് ഇസ്രായേലിന്റെ പ്രതിരോധത്തിന് എത്തിയിരിക്കുന്നു. തൂഫാനുല്‍ അഖ്‌സ, ഖുദ്‌സിന്റെ വിമോചനത്തിലേക്ക് വഴിവെക്കുമെന്നതിന്റെ സൂചന തന്നെയാണിത്.

ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ ഇസ്രായേലിന്റെ ആക്രമണത്തില്‍ രക്തസാക്ഷിയായ ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്മാഈല്‍ ഹനിയ്യക്ക് പകരക്കാരനായാണ് യഹ്‌യാ സിന്‍വാര്‍ ഹമാസിന്റെ ചുമതല ഏറ്റെടുത്തത്. ഈജിപ്ത് നിയന്ത്രണത്തിലുണ്ടായിരുന്ന ഗസയിലെ ഖാന്‍ യൂനിസിലെ അഭയാര്‍ഥി ക്യാംപില്‍ 1962ലാണ് യഹ്‌യാ സിന്‍വാറിന്റെ ജനനം. 1948ലെ അറബ്ഇസ്രായേല്‍ യുദ്ധത്തില്‍ അല്‍മജ്ദല്‍ അസ്ഖലാനില്‍ നിന്ന് പലായനം ചെയ്ത് അഭയം തേടിയതായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. അധിനിവേശ ഭരണകൂടത്തിന്റെ ഭീകരതയില്‍ സ്വന്തം ജനതയുടെ ദുരിതം നേരിട്ടനുഭവിച്ചാണ് സിന്‍വാര്‍ വളര്‍ന്നത്. ഖാന്‍ യൂനിസ് സെക്കന്‍ഡറി സ്‌കൂള്‍ ഫോര്‍ ബോയ്‌സില്‍ നിന്നാണ് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നേടിയത്. പിന്നീട് ഗസ ഇസ് ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് അറബിക് ബിരുദം കരസ്ഥമാക്കി.

വിദ്യാര്‍ഥിയായിരിക്കെ തന്നെ ഫലസ്തീനിലെ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ 'ഇസ്‌ലാമിസ്റ്റ് ബ്ലോക്കിന്റെ' നേതൃസ്ഥാനത്തെത്തി. 1980കളുടെ അവസാനത്തില്‍ ഹമാസിന്റെ സൈനിക വിഭാഗം രൂപീകരിക്കാന്‍ സുപ്രധാന പങ്ക് വഹിച്ചു. 1982ലാണ് യഹ് യാ സിന്‍വാര്‍ ആദ്യമായി ജയിലിലടയ്ക്കപ്പെടുന്നത്. മാസങ്ങളോളം ഫറാ ജയിലില്‍. പിന്നീടങ്ങോട്ട് ഖുദ്‌സിന്റെ വിമോചനത്തിനു വേണ്ടിയുള്ള പോരാട്ടത്തിലേക്കുള്ള പ്രയാണമായിരുന്നു. 1985ല്‍ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. മോചിതനായ ശേഷം, മുനസ്സമത്ത് അല്‍ ജിഹാദ് വദ്ദഅ്‌വമജ്ദ് എന്ന സംഘടന സ്ഥാപിച്ചു. 1987ല്‍ ഹമാസ് രൂപീകരിച്ചപ്പോള്‍ സിന്‍വാറിന്റേയും സലാഹ് ഷെഹാദിന്റേയും സംഘടന ഇതില്‍ ലയിച്ചു. ഇസ്രായേലിന്റെ ഒറ്റുകാരെന്ന് സംശയിച്ചവരെ കൊന്നൊടുക്കിയെന്നു പറഞ്ഞ് 'ഖാന്‍ യൂനിസിന്റെ കശാപ്പുകാരന്‍' എന്ന ഓമനപ്പേരും എതിരാളികള്‍ നല്‍കി.

1988ലാണ് മൂന്നാമത്തെ അറസ്റ്റ്. രണ്ട് ഇസ്രായേല്‍ സൈനികരെയും നാല് ഫലസ്തീന്‍ പൗരന്മാരെയും കൊലപ്പെടുത്തിയതില്‍ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. കുറ്റം സമ്മതിച്ചെന്നു പറഞ്ഞ്

നാല് ജീവപര്യന്തം തടവിന് സിന്‍വാറിനെ ശിക്ഷിച്ചു. ഇതിനിടെ, ജയിലില്‍നിന്ന് രക്ഷപ്പെടാന്‍ പലതവണ ശ്രമിച്ചെങ്കിലും നടന്നില്ല. 2008ല്‍ ജയിലിലായിരിക്കെ തലച്ചോറില്‍ ട്യൂമര്‍ ബാധിച്ചു. ഇത് ശസ്ത്രക്രിയയിലൂടെയാണ് നീക്കം ചെയ്തത്. 2011 വരെ 22 വര്‍ഷമാണ് സിന്‍വാറിന് തുടര്‍ച്ചയായി ജയിലില്‍ കഴിയേണ്ടിവന്നത്.

യഹ്‌യാ സിന്‍വാറിന്റെ പോരാട്ടവീര്യവും സൈനിക ബുദ്ധിയും ഇസ്രായേലിന് കൂടുതല്‍ ബോധ്യപ്പെട്ടത് 2006ല്‍ ഹമാസിന്റെ ഇസ്സുദ്ദിന്‍ അല്‍ ഖസം ബ്രിഗേഡ്‌സ് നടത്തിയ ഒരു ആക്രമണത്തിലൂടെയാണ്. ഭൂമിക്കടിയില്‍ തുരങ്കം നിര്‍മിച്ച് ഇസ്രയേല്‍ ഭൂപ്രദേശത്തുകയറി ഹമാസ് പോരാളികള്‍ സൈനിക പോസ്റ്റ് ആക്രമിച്ചു. രണ്ട് ഇസ്രായേല്‍ സൈനികരെ കൊലപ്പെടുത്തി. ഗിലാദ് ഷാലിത് എന്ന ഇസ്രായേല്‍ സൈനികനെ ഹമാസ് ബന്ദിയാക്കി. ഇയാളെ അഞ്ചു വര്‍ഷം തടവില്‍വച്ചു. ഒടുവില്‍ 2011 ഒക്ടോബര്‍ 18ന് ഗിലാദ് ഷാലിത്തിനെ മോചിപ്പിക്കാന്‍ പകരം ഹമാസ് ആവശ്യപ്പെട്ടത് യഹ്‌യാ സിന്‍വാറിന്റെ മോചനമായിരുന്നു.

ഹമാസ് സ്ഥാപകനായ ശെയ്ഖ് അഹ്മദ് യാസീനെയും തുടര്‍ന്നു വന്ന ഡോ. അബ്ദുല്‍ അസീസ് റന്‍തീസിയെയും ഇസ്മാഈല്‍ ഹനിയ്യയെയും പോലെ ചെറുത്തുനില്‍പ്പിന്റെ അഗ്‌നി മുഖങ്ങളിലൂടെയാണ് യഹ്‌യാ സിന്‍വാറും കടന്നുവന്നത്. മുന്‍ഗാമികളെ പോലെതന്നെ രക്തസാക്ഷ്യം വരിച്ച് ഫലസ്തീന്‍ വിമോചന പോരാട്ടത്തിന്റെ ചരിത്രത്തില്‍ അടയാളപ്പെടുത്തിയാണ് സിന്‍വാറും വിടവാങ്ങുന്നത്.

Tags:    

Similar News