ഗസയിലും ജൂതന്‍മാരെ കുടിയിരുത്താന്‍ സജീവ നീക്കം; 700 കുടുംബങ്ങള്‍ കുടിയേറാന്‍ തയ്യാര്‍

വെസ്റ്റ്ബാങ്കില്‍ ഫലസ്തീന്‍ ഭൂമി പിടിച്ച് കുടിയേറ്റക്കാര്‍ക്ക് നല്‍കിയ നച്ചാല എന്ന സയണിസ്റ്റ് പ്രസ്ഥാനമാണ് കോണ്‍ഫറന്‍സില്‍ പ്രധാനമായും പങ്കെടുത്തത്.

Update: 2024-10-22 08:17 GMT

ഗസ: വടക്കന്‍ ഗസയിലെ ജബാലിയയില്‍ സയണിസ്റ്റുകള്‍ രണ്ടാഴ്ച്ചക്കുള്ളില്‍ വ്യോമാക്രമണത്തില്‍ കൊന്നത് 600ല്‍ അധികം ഫലസ്തീനികളെ. ജബാലിയ അഭയാര്‍ത്ഥി ക്യാംപ് പരിസരത്ത് നിന്ന് നിരവധി ഫലസ്തീനികളെ സയണിസ്റ്റ് സൈന്യം ഭീഷണിപ്പെടുത്തി ഒഴിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ചില പ്രദേശങ്ങളില്‍ പുരുഷന്‍മാരെയും സ്ത്രീകളെയും കുട്ടികളെയും വേര്‍തിരിച്ചാണ് കൊണ്ടുപോവുന്നത്. ഇവര്‍ക്ക് എന്ത് സംഭവിക്കുമെന്ന് അറിയില്ലെന്ന് ഫലസ്തീനിയന്‍ ആക്ടിവിസ്റ്റുകള്‍ പറയുന്നു. ഗസയില്‍ ജൂതരെ കുടിയിരുത്താനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി ഗസയില്‍ ജൂതന്‍മാരെ കുടിയിരുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ തിങ്കളാഴ്ച്ച പ്രത്യേക കോണ്‍ഫറന്‍സ് വിളിച്ചു ചേര്‍ത്തിരുന്നു. വെസ്റ്റ്ബാങ്കില്‍ ഫലസ്തീന്‍ ഭൂമി പിടിച്ച് കുടിയേറ്റക്കാര്‍ക്ക് നല്‍കിയ നച്ചാല എന്ന സയണിസ്റ്റ് പ്രസ്ഥാനമാണ് കോണ്‍ഫറന്‍സില്‍ പ്രധാനമായും പങ്കെടുത്തത്.

' ഗസയില്‍ കുടിയേറാനുള്ള തയ്യാറെടുപ്പ്' എന്ന പേരിലാണ് കോണ്‍ഫറന്‍സ് നടത്തിയിരിക്കുന്നത്. ഒരു പ്രദേശത്ത് എങ്ങനെ ചെല്ലാം, എങ്ങനെ വീടുകള്‍ നിര്‍മിക്കാം, എങ്ങനെ സൈനിക നീക്കങ്ങള്‍ നടത്താം തുടങ്ങിയ കാര്യങ്ങളാണ് നച്ചാല കുടിയേറ്റക്കാരെ പഠിപ്പിക്കുക. ലിക്കുഡ് പാര്‍ട്ടിയുടെ 32ല്‍ പത്ത് എംപിമാരും മേയ് ഗോലാന്‍ എന്ന മന്ത്രിയും കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

ഗസയില്‍ കുടിയേറ്റം തുടങ്ങാന്‍ സമയമായി എന്നാണ് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് ഇസ്രായേല്‍ ദേശീയ സുരക്ഷാ മന്ത്രിയായ ബെന്‍ ഗ്‌വിര്‍ പറഞ്ഞത്. ''ഗസ എല്ലായപ്പോഴും ജൂതന്‍മാരുടേതായിരുന്നു. ആറു ഗ്രൂപ്പുകളിലായി 700 കുടുംബങ്ങള്‍ ഗസയിലേക്ക് വരാന്‍ തയ്യാറെടുത്ത് ഇരിക്കുകയാണ്. അവരെ ഉടന്‍ കുടിയിരുത്തും.'' - ബെന്‍ ഗ്‌വിര്‍ പറഞ്ഞു.

അതേസമയം, കഴിഞ്ഞ ദിവസം 1390 കുടിയേറ്റക്കാര്‍ കിഴക്കന്‍ ജറുസലേമിലെ അല്‍ അഖ്‌സ മസ്ജിദ് അങ്കണത്തില്‍ കടന്നു. ഇസ്രായേലി പോലിസിന്റെ സംരക്ഷണയിലാണ് സംഘം അകത്ത് കടന്നതെന്ന് പ്രദേശത്തിന്റെ ചുമതലയുള്ള ജോര്‍ദാന് കീഴിലുള്ള ഇസ്‌ലാമിക്ക് എന്‍ഡോവ്‌മെന്റസ് വകുപ്പ് അറിയിച്ചു. ഇസ്രായേല്‍ മന്ത്രി ബെന്‍ ഗ്‌വിറും പിന്നീട് കുടിയേറ്റ സംഘത്തിന് ഒപ്പമെത്തിയതായി റിപോര്‍ട്ട് പറയുന്നു. ഇതോടെ മുസ് ലിംകളെ പ്രദേശത്ത് നിന്ന് പുറത്താക്കിയതായും റിപോര്‍ട്ടുകള്‍ പറയുന്നു.

Tags:    

Similar News