കൊവിഡ് പ്രതിരോധം; മുംബൈയിലെ ധാരാവി മാതൃകയെന്ന് ലോകാരോഗ്യസംഘടന

രോഗവ്യാപനം വളരെ തീവ്രമാണെങ്കിലും നിയന്ത്രണത്തിലാക്കാന്‍ കഴിയുമെന്ന് തെളിയിക്കുന്ന ലോകമെമ്പാടുമുള്ള നിരവധി ഉദാഹരണങ്ങളുണ്ട്. ധാരാവി, ഇറ്റലി, സ്‌പെയിന്‍, ദക്ഷിണ കൊറിയ എന്നീ സ്ഥലങ്ങള്‍ ക്രിയാത്മകമായ പ്രതിരോധപ്രവര്‍ത്തനങ്ങളിലൂടെ കൊവിഡിനെ നേരിടാമെന്ന കാര്യം തെളിയിച്ചു.

Update: 2020-07-11 05:56 GMT

ജനീവ: കൊവിഡ് പ്രതിരോധത്തില്‍ ധാരാവിയെ അഭിനന്ദിച്ച് ലോകാരോഗ്യസംഘടന. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവി കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ മാതൃകയാണെന്ന് ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനം ഗെബ്രിയേസിസ് പറഞ്ഞു. ജനീവയില്‍ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്താകമാനം കഴിഞ്ഞ ആറാഴ്ചകളില്‍ രോഗം ഇരട്ടിയിലധികമാവുന്നതാണു കണ്ടത്.

രോഗവ്യാപനം വളരെ തീവ്രമാണെങ്കിലും നിയന്ത്രണത്തിലാക്കാന്‍ കഴിയുമെന്ന് തെളിയിക്കുന്ന ലോകമെമ്പാടുമുള്ള നിരവധി ഉദാഹരണങ്ങളുണ്ട്. ധാരാവി, ഇറ്റലി, സ്‌പെയിന്‍, ദക്ഷിണ കൊറിയ എന്നീ സ്ഥലങ്ങള്‍ ക്രിയാത്മകമായ പ്രതിരോധപ്രവര്‍ത്തനങ്ങളിലൂടെ കൊവിഡിനെ നേരിടാമെന്ന കാര്യം തെളിയിച്ചു. പരിശോധന, ഐസൊലേഷന്‍, ചികില്‍സ, സാമൂഹിക അകലം പാലിക്കല്‍ എന്നീ മാര്‍ഗങ്ങളിലൂടെ വൈറസിന്റെ ചങ്ങലകള്‍ തകര്‍ത്ത് രോഗവ്യാപനം തടയാന്‍ ഈ പ്രദേശങ്ങള്‍ക്ക് സാധിച്ചുവെന്നും മറ്റു രാജ്യങ്ങള്‍ക്ക് ഇത് മാതൃകയാണെന്നും ടെഡ്രോസ് വ്യക്തമാക്കി.

ഏഷ്യയിലെ ഏറ്റവും വലിയ ചേരികളിലൊന്നായ ധാരാവിയില്‍ വെള്ളിയാഴ്ച 12 പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 2,359 ആയി. നിലവില്‍ 166 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. 1,952 രോഗികളെ ഇതുവരെ സുഖം പ്രാപിച്ചതിനെ തുടര്‍ന്ന് ആശുപത്രികളില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.  

Tags:    

Similar News