സിംബാബ്‌വെ മുന്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ അന്തരിച്ചു

സിംഗപ്പൂരില്‍ ചികില്‍സയിലിരിക്കേയായിരുന്നു അന്ത്യം. സിംബാബ്‌വെ സ്വാതന്ത്ര്യം നേടിയ ശേഷമുള്ള ആദ്യത്തെ പ്രസിഡന്റായിരുന്നു മുഗാബെ.

Update: 2019-09-06 05:34 GMT

ഹരാരെ: സിംബാബ്‌വെ മുന്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ അന്തരിച്ചു. 95 വയസ്സായിരുന്നു. സിംഗപ്പൂരില്‍ ചികില്‍സയിലിരിക്കേയായിരുന്നു അന്ത്യം. സിംബാബ്‌വെ സ്വാതന്ത്ര്യം നേടിയ ശേഷമുള്ള ആദ്യത്തെ പ്രസിഡന്റായിരുന്നു മുഗാബെ.

രാഷ്ട്രപിതാവും മുന്‍ പ്രസിഡന്റുമായ റോബര്‍ട്ട് മുഗാബെയുടെ വിയോഗ വാര്‍ത്ത അതീവ ദുഖത്തോടെ അറിയിക്കുന്നതായി പ്രസിഡന്റ് എമ്മേഴ്‌സന്‍ നന്‍ഗാഗ്വ ട്വീറ്റ് ചെയ്തു. രാജ്യത്തിനും ഉപഭൂഖണ്ഡത്തിനും അദ്ദേഹം നല്‍കിയ സംഭവാന ഒരിക്കലും മറക്കാനാവില്ല. ആത്മാവിന് നിത്യശാന്തി നേരുന്നതായും പ്രസിഡന്റ് ട്വിറ്ററില്‍ കുറിച്ചു.

2017 നംബറില്‍ അധികാരത്തില്‍ നിന്നൊഴിഞ്ഞതിന് ശേഷമാണ് അദ്ദേഹത്തിന്റെ ആരോഗ്യം വഷളായിത്തുടങ്ങിയത്.

രാഷ്ട്രീയത്തടവുകാരനില്‍ നിന്ന് ഗൊറില്ലാ നേതാവായി വളര്‍ന്ന മുഗാബെ 1980ല്‍ നടന്ന തിരഞ്ഞെടുപ്പിലാണ് അധികാരത്തിലേറിയത്. റൊഡേഷ്യന്‍ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ നടന്ന ശക്തമായ പ്രക്ഷോഭത്തിനൊടുവിലായിരുന്നു മുഗാബെയുടെ അധികാരാരോഹണം.

1924 ഫെബ്രുവരി 21ന് ഉത്തര പടിഞ്ഞാറന്‍ ഹരാരെയിലെ കുത്താമ മിഷനില്‍ ജനിച്ച മുഗാബെ ചെറുപ്പത്തിലേ പഠനത്തിലും പുസ്തകങ്ങളിലും അതീവ തല്‍പരനായിരുന്നു. ആശാരിപ്പണിക്കാരനായ പിതാവ് 10ാം വയസ്സില്‍ മരിച്ചതോടെ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച മുഗാബെ 17ാം വയസ്സില്‍ അധ്യാപകനായി മാറി.

ആദ്യകാലത്ത് മാര്‍ക്‌സിസത്തില്‍ തല്‍പ്പരനായിരുന്ന മുഗാബെ ദക്ഷിണാഫ്രിക്കയിലെ ഫോര്‍ട്ട് ഹരാരെ യൂനിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന കാലത്താണ് ദക്ഷിണാഫ്രിക്കയിലെ ബ്ലാക്ക് നാഷനലിസ്റ്റ് നേതാക്കളുമായി പരിചയപ്പെടുന്നത്. ഗാനയില്‍ അധ്യാപകനായിരുന്ന കാലത്ത് സ്ഥാപക പ്രസിഡന്റ് ക്വാമെ നിക്‌റുമയെ മുഗാബെയെ വലിയ രീതിയില്‍ സ്വാധീനിച്ചു. മുഗാബെ അന്നത്തെ റൊഡേഷ്യയുടെ ഭാഗമായിരുന്ന സിംബാബ്‌വെയിലേക്കു മടങ്ങിയതിന് പിന്നാലെ ദേശീയവാദ പ്രവര്‍ത്തനത്തിന്റെ പേരില്‍ അറസ്റ്റിലായി. 10 വര്‍ഷത്തോളമാണ് അദ്ദേഹം തടവില്‍ കിടന്നത്.

തടവ് കാലത്ത് അദ്ദേഹം കറസ്‌പോണ്ടന്‍സ് വഴി മൂന്ന് ബിരുദങ്ങള്‍ നേടി. പക്ഷേ തടവ് കാലം അദ്ദേഹത്തിന് നിരവധി നഷ്ടങ്ങള്‍ സമ്മാനിച്ചാണ് കടന്നുപോയത്. നാല് വയസ്സുകാരന്‍ മകന്‍ മരിച്ചത് അക്കാലത്തായിരുന്നു. മകന്റെ സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ പോലും റൊഡേഷ്യന്‍ ഭരണാധികാരി ലാന്‍ സ്മിത്ത് സമ്മതിച്ചില്ല. വെള്ളക്കാരുടെ ഭരണത്തിനെതിരേ ബ്ലാക്ക് നാഷനലിസ്റ്റുകളുടെ നേതൃത്വത്തില്‍ 15 വര്‍ഷം നീണ്ട ഗൊറില്ല യുദ്ധത്തിനൊടുവിലാണ് 1980ല്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ മുഗാബെയുടെ സാനു-പിഎഫ് പാര്‍ട്ടി അധികാരത്തിലേറുന്നത്.

100 വയസ്സുവരെ രാജ്യം ഭരിക്കുമെന്ന് മുഗാബെ പലപ്പോഴും പറയാറുണ്ടായിരുന്നു. എന്നാല്‍, രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി മുഗാബെയെ സ്ഥാനഭ്രഷ്ടനാക്കുകയായിരുന്നു. ശക്തമായ ജനരോഷത്തിന് പിന്നാലെ 2017 നവംബര്‍ 15ന് നടന്ന പട്ടാള അട്ടിമറിയില്‍ മുഗാബെ വീട്ടു തടങ്കലിലായി. അതിന് പിന്നാലെ സാനു-പിഎഫ് നേതൃസ്ഥാനത്തു നിന്ന് മുഗാബെ പുറത്താക്കപ്പെട്ടു. വൈസ് പ്രസിഡന്റ് എമ്മേഴ്‌സന്‍ നന്‍ഗാഗ്വയാണ് തല്‍സ്ഥാനത്തെത്തിയത്. 2018 ജൂലൈയില്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ വിജയിച്ച സാനു-പിഎഫ് എമ്മേഴ്‌സന്‍ നന്‍ഗാഗ്വയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.

Tags:    

Similar News