ദമ്മാം: കഴിഞ്ഞ ദിവസം ദമ്മാമില്‍ ഉറക്കത്തില്‍ ഹൃദയാഘാതം മൂലം മരിച്ച മലപ്പുറം കൊണ്ടോട്ടി മുണ്ടപ്പാലം അത്തിക്കാവില്‍ മുഹമ്മദ് ശരീഫ് (44)ന്റെ മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ദമ്മാമില്‍ മറവ് ചെയ്തു. ഇന്ന് അസര്‍ നമസ്‌കാരാനന്തരം ദമ്മാം ജലവിയ്യയിലെ മസ്ജിദ് ഫൈസല്‍ ബിന്‍ തുര്‍ക്കിയില്‍ നടന്ന ജനാസ നമസ്‌കാരത്തില്‍ സുഹത്തുക്കളും സഹപ്രവര്‍ത്തകരുമുള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. തുടര്‍ന്ന് ദമ്മാം ഖബര്‍സ്ഥാനില്‍ മറവു ചെയ്തു.
എട്ട് വര്‍ഷത്തോളമായി ജിദ്ദയില്‍ റെഡിമെയ്ഡ് സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്ന ശരീഫ് ഒരു വര്‍ഷം മുമ്പാണ് സ്ഥാപനത്തിന്റെ ദമ്മാം ബ്രാഞ്ചിലേക്ക് വന്നത്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നാട്ടില്‍ ഉമ്മ മരണപ്പെട്ടതറിഞ്ഞതിനു ശേഷം ഷരീഫ് വളരെ ദുഃഖിതനായിരുന്നെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. രണ്ട് ദിവസം മുമ്പ് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്ഥാപനയുടമയോട് സംസാരിക്കുകയും രണ്ട് ദിവസത്തിനകം നാട്ടില്‍ പോകാന്‍ ഒരുങ്ങുകയും ചെയ്യുന്നതിനിടെയാണ് മരണം സംഭവിച്ചത്.
പിതാവ് അത്തിക്കാവില്‍ മമ്മദ് കുട്ടി. ഭാര്യ ഹഫ്‌സത്ത്. രണ്ട് പെണ്‍കുട്ടികളും ഒരു മകനുമുണ്ട്.
ശരീഫിന്റെ ജേഷ്ഠന്‍ മുഹമ്മദും സഹോദരപുത്രനും ദമ്മാമില്‍ എത്തിയിരുന്നു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരായ അലി മാങ്ങാട്ടൂര്‍, മുഹമ്മദലി മണ്ണാര്‍ക്കാട് എന്നിവര്‍ നടപടി ക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി.