കുവൈത്ത് ഗള്‍ഫ് ബാങ്കിന്റെ 700 കോടി തട്ടി; 1425 മലയാളികള്‍ക്കെതിരേ കേസ്
കുവൈത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ മലയാളികളും മിനിസ്ട്രി ഓഫ് ഹെല്‍ത്തില്‍ നഴ്‌സുമാരായി ജോലി ചെയ്തിരുന്നവരുമാണ് തട്ടിപ്പിന് പിന്നില്‍.
കൊച്ചി: ഗള്‍ഫ് ബാങ്ക് ഓഫ് കുവൈത്തിന്റെ 700 കോടിയോളം രൂപ തട്ടിയെന്ന പരാതിയില്‍ 1,425 മലയാളികള്‍ക്കെതിരേ അന്വേഷണം. ബാങ്കിന്റെ പരാതിയില്‍ കേരളത്തില്‍ പത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കുവൈത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ മലയാളികളും മിനിസ്ട്രി ഓഫ് ഹെല്‍ത്തില്‍ നഴ്‌സുമാരായി ജോലി ചെയ്തിരുന്നവരുമാണ് തട്ടിപ്പിന് പിന്നില്‍.
നഴ്‌സുമാരായി ജോലി ചെയ്തിരുന്ന എഴൂനൂറോളം പേര്‍ കുറ്റം ആരോപിക്കപ്പെട്ടവരില്‍ ഉണ്ട്. ആദ്യം തട്ടിപ്പ് നടത്തിയവര്‍ വഴി പഴുത് മനസിലാക്കി കൂടുതല്‍ മലയാളികള്‍ പറ്റിച്ചുവെന്നാണ് ബാങ്ക് മനസിലാക്കുന്നത്. ഇതിന് പിന്നില്‍ ഏജന്റുമാരുടെ ഇടപെടല്‍ ഉണ്ടോയെന്നും സംശയിക്കുന്നുണ്ട്.
കുവൈത്തില്‍ നിന്ന് വായ്പയെടുത്ത ശേഷം മലയാളികള്‍ മറ്റുരാജ്യങ്ങളിലേക്ക് കടന്നുവെന്ന പരാതിയിലാണ് അന്വേഷണം. അമ്പത് ലക്ഷം മുതല്‍ രണ്ടു കോടി വരെയാണ് ലോണെടുത്തിരിക്കുന്നത്. ആദ്യം ചെറിയ വായ്പകളെടുത്ത് കൃത്യമായി തിരിച്ചടച്ച ശേഷം വലിയ വായ്പകള്‍ എടുക്കുകയായിരുന്നു. ഇത് തിരിച്ചടക്കാതെ ഇംഗ്ലണ്ട്, കാനഡ, യുഎസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറിയത്രെ. 2020-22 കാലത്താണ് ബാങ്കില്‍ തട്ടിപ്പ് നടന്നത്.
തിരിച്ചടവ് മുടങ്ങിയതോടെയാണ് ബാങ്ക് അന്വേഷണം തുടങ്ങിയത്. അപ്പോഴാണ് 1,425 മലയാളികള്‍ തങ്ങളെ പറ്റിച്ചുവെന്ന് ബാങ്കിന് മനസിലായത്. ഇതോടെ ബാങ്ക് അധികൃതര്‍ കേരളത്തിലെത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥരെ കണ്ടു. ആദ്യം ഡിജിപിയെയും പിന്നീട് എഡിജിപിയെയും ബാങ്ക് അധികൃതര്‍ കണ്ടു. നവംബര്‍ അഞ്ചിന് എഡിജിപി മനോജ് എബ്രഹാമിന് രേഖാമൂലം പരാതി നല്‍കി. പ്രതികളുടെ വിലാസമടക്കമാണ് പരാതി നല്‍കിയത്. ഇത് പ്രകാരം അന്വേഷണം നടത്തിയാണ് കേസെടുത്തത്. നിലവില്‍ എറണാകുളം കോട്ടയം ജില്ലകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുറ്റകൃത്യം നടന്നത് കേരളത്തിലല്ലെങ്കിലും വിദേശത്ത് കുറ്റകൃത്യം നടത്തി ഇന്ത്യയിലേക്ക് തിരിച്ചുവരുന്ന പൗരന്മാര്‍ക്കെതിരെ കേസെടുക്കാന്‍ നിയമപരമായി സാധിക്കും.