ബിജെപിയിലേക്കുള്ള ചിലരുടെ രംഗപ്രവേശം; പുറംതോട് കളഞ്ഞുള്ള കൂടുമാറ്റമെന്ന് അഷ്‌റഫ് മൊറയൂര്‍
ന്യൂനപക്ഷങ്ങളുടെ സംരക്ഷകരെന്നു കൊട്ടിഘോഷിക്കുന്ന സിപിഎമ്മും ഇടതു സര്‍ക്കാരും സംഘപരിവാറിന്റെ ആജ്ഞാനുവര്‍ത്തികളാകുന്ന സംഭവങ്ങളാണ് അവരുടെ ഭരണത്തിലുടനീളം കാണാന്‍ കഴിയുന്നത്.
ജിദ്ദ: സമീപ കാലത്ത് ചില പ്രമുഖര്‍ ബിജെപിയിലേക്ക് ചേക്കേറിയത് അവര്‍ക്കു പെട്ടെന്നുണ്ടായ വെളിപാടുമൂലമല്ലെന്നും അവരുടെ ഉള്ളില്‍ ഒളിപ്പിച്ചിരുന്ന കാവി മനസ്സിന്റെ പുറംതോട് കളഞ്ഞു സംഘപരിവാറിന്റെ തനിരൂപം വെളിവാക്കുന്നതാണെന്നും ഇന്ത്യന്‍ സോഷ്യല്‍ ഫോറം സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് അഷ്‌റഫ് മൊറയൂര്‍ പറഞ്ഞു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ കേരള സ്‌റ്റേറ്റ് കമ്മിറ്റി സംഘടിപ്പിച്ച ഓണ്‍ലൈന്‍ നേതൃത്വ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷങ്ങളുടെ സംരക്ഷകരെന്നു കൊട്ടിഘോഷിക്കുന്ന സിപിഎമ്മും ഇടതു സര്‍ക്കാരും സംഘപരിവാറിന്റെ ആജ്ഞാനുവര്‍ത്തികളാകുന്ന സംഭവങ്ങളാണ് അവരുടെ ഭരണത്തിലുടനീളം കാണാന്‍ കഴിയുന്നത്.
കിടപ്പാടമില്ലാതെയും വരുമാനമില്ലാതെയും നിരവധി കുടുംബങ്ങള്‍ ആത്മഹത്യ ചെയ്യുന്ന നമ്മുടെ സംസ്ഥാനത്ത് സംഘപരിവാര്‍ സഹയാത്രികന് തലസ്ഥാന നഗരിയില്‍ നാലേക്കര്‍ ഭൂമി അനുവദിച്ചു കൊടുത്തത് പിണറായിയുടെ സംഘി വിധേയത്വത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു. സ്വര്‍ണക്കടത്തും ഡോളര്‍ കടത്തുമായി മുഖ്യമന്ത്രിക്കും മറ്റു പ്രമുഖന്മാര്‍ക്കുമുള്ള ബന്ധം അത്ഭുതപ്പെടുത്തുന്നതാണ്. അതേസമയം സംഘപരിവാരത്തിന്റെ അപകടകരമായ നയപരിപാടികള്‍ കണ്ടില്ലെന്നു നടിക്കുകയാണ് മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍. സാധാരണ ജനങ്ങളുടെ ജീവിതാവസ്ഥ അവതാളത്തിലാക്കുന്ന ഹിന്ദുത്വ സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തുന്നതില്‍ ഉത്തരവാദപ്പെട്ട പാര്‍ട്ടികള്‍ വന്‍ പരാജയമാണ്.
ജനങ്ങളുടെ നന്മക്കും നാടിന്റെ രക്ഷക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കാകണം വരുന്ന നിയസഭാ തിരഞ്ഞെടുപ്പില്‍ വോട്ടുകള്‍ നല്‍കേണ്ടതെന്ന് കണ്‍വെന്‍ഷന്‍ വോട്ടര്‍മാരോടഭ്യര്‍ത്ഥിച്ചു. മോദിക്കെതിരേ 'യുദ്ധം നടത്താന്‍' പോയി പിന്തിരിഞ്ഞോടിയവര്‍ക്ക് ചുട്ട മറുപടി കൊടുക്കുന്നതാകണം മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പെന്ന് മുഖ്യപ്രഭാഷണം നടത്തിയ സ്‌റ്റേറ്റ് കമ്മിറ്റി മെമ്പര്‍ ഹസ്സന്‍ മങ്കട പറഞ്ഞു. സംഘപരിവാറിനെ പരിപോഷിപ്പിക്കുവാന്‍ ഇടതു വലതു മുന്നണികള്‍ നടത്തുന്ന കൂട്ടുകച്ചവടം സംസ്ഥാനത്തിന്റെ നന്മ ആഗ്രഹിക്കുന്ന വോട്ടര്‍മാര്‍ തിരിച്ചറിയണമെന്നും കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്തു. സോഷ്യല്‍ ഫോറം ജിദ്ദ കേരള സ്‌റ്റേറ്റ് പ്രസിഡണ്ട് ഹനീഫ കടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കോയിസ്സന്‍ ബീരാന്‍കുട്ടി, മുഹമ്മദ് കുട്ടി തിരുവേഗപ്പുറ സംസാരിച്ചു.