ജുമൈറയിലെ സ്മാര്‍ട്ട് പോലിസ് സ്റ്റേഷന് മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിച്ചു
ഇവിടെ എത്തുന്നവര്‍ക്ക് സിനിമ കാണാനും ട്രെഡ് മില്ലില്‍ പരിശീലനം നടത്താനും സൗജന്യമായി ചായകുടിക്കാനും അധികൃതര്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. യുഎഇയിലെ താമസക്കാര്‍ക്ക് മാത്രമല്ല ടൂറിസ്റ്റുകള്‍ക്ക് പരാതി നല്‍കാനും ഇവിടെ സംവിധാനമുണ്ട്.
ദുബയ്: മുഖ്യമന്ത്രി പിണറായി വിജയന് ദുബായ് ജുമൈറയിലെ സ്മാര്‍ട്ട് പോലിസ് സ്റ്റേഷന് സന്ദര്‍ശിച്ചു. ദുബായ് പോലിസ് കമാന്‍ഡര്‍ ഇന്‍ ചീഫ്. മേജര്‍ ജനറല്‍ അബ്ദുള്ള ഖലിഫ ഉബൈദ് അല്‍ മാരിയുടെ ക്ഷണപ്രകാരമാണ് പിണറായി വിജയന് സ്മാര്‍ട്ട് പോലിസ് സ്റ്റേഷന് സന്ദര്‍ശിച്ചത്. സ്മാര്‍ട്ട് സ്റ്റേഷനിലെ കിയോസ്കുകളില്‍ മലയാളം ഭാഷ ഉള്‍പ്പെടുത്താന്‍ ദുബായ് പോലിസ് തീരുമാനിക്കുകയും ചെയ്തു. നോര്‍ക്ക വൈസ് ചെയര്മാന് എം എ യൂസഫലി, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
സ്മാര്‍ട്ട് സ്റ്റേഷനിലെ കിയോസ്കിലെ ആദ്യത്തെ ഇന്ത്യന്‍ ഭാഷയാണ് മലയാളം. പോലിസ് സേവനങ്ങള്‍ക്ക് വേണ്ടിയുള്ള ലോകത്തിലെതന്നെ ആദ്യത്തെ സമ്പൂര്‍ണ സ്മാര്‍ട്ട് ഡിജിറ്റല്‍ പോലിസ് സ്റ്റേഷന് ആണ് ദുബായ് ജുമൈറയിലേത്. പൂര്‍ണമായും ഓട്ടോമേഷന്‍ സംവിധാനത്തിലാണ് ഈ സ്മാര്‍ട്ട് പോലിസ് സ്റ്റേഷന് ഒരുക്കിയിരിക്കുന്നത്. ദുബായ് പോലിസുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇവിടെ ലഭിക്കും. പോലിസ് കണ്ട്രോള് റൂമില്‍ പരാതികള്‍ ബോധിപ്പിക്കാനും ഏത് പോലിസ് ഉദ്യോഗസ്ഥനുമായി സംസാരിക്കാനും തീര്‍പ്പു കല്പിക്കാനും സ്മാര്‍ട്ട് പോലിസ് സ്റ്റേഷന് മുഖേന സാധിക്കും. ആധുനികസംവിധാനങ്ങളോടെയാണ് ഈ പോലിസ് സ്റ്റേഷന് ഒരുക്കിയിരിക്കുന്നത്.
ഇവിടെ എത്തുന്നവര്‍ക്ക് സിനിമ കാണാനും ട്രെഡ് മില്ലില്‍ പരിശീലനം നടത്താനും സൗജന്യമായി ചായകുടിക്കാനും അധികൃതര്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. യുഎഇയിലെ താമസക്കാര്‍ക്ക് മാത്രമല്ല ടൂറിസ്റ്റുകള്‍ക്ക് പരാതി നല്‍കാനും ഇവിടെ സംവിധാനമുണ്ട്. ദുബയ് ജുമൈറയില്‍ ആരംഭിച്ച സ്മാര്‍ട്ട് പോലിസ്റ്റേഷന് ഇതിനകംതന്നെ ലോകശ്രദ്ധ നേടിയിട്ടുണ്ട്.