പ്രവാസികളുടെ മടക്കയാത്ര ചെലവുകള്‍ക്ക് കമ്മ്യുണിറ്റി വെല്‍ഫെയര്‍ ഫണ്ട് ഉപയോഗിക്കണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
ദമ്മാം: കൊറോണ മഹാമാരിയുടെ ഭീതി വിട്ടൊഴിയാതെ ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ലക്ഷക്കണക്കിന് പ്രവാസികളുടെ മടക്കയാത്ര കീറാമുട്ടിയായി നീണ്ടുപോവുമ്പോഴും ഇവിടുത്തെ നയതന്ത്ര കാര്യാലയങ്ങള്‍ പ്രവാസികളില്‍ നിന്നും ഈടാക്കിയിട്ടുള്ള കമ്മ്യുണിറ്റി വെല്‍ഫെയര്‍ ഫണ്ട് നാട്ടിലേക്ക് പോവാന്‍ തയ്യാറായിട്ടുള്ളവരുടെ യാത്രാ ചെലവുകള്‍ക്കും ക്വാറന്റൈന്‍ ചെലവുകള്‍ക്കും ഉപയോഗിക്കാന്‍ എംബസികള്‍ തയ്യാറാവണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഖത്തീഫ് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രവാസികള്‍ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ദുരിതമാണ് കൊറോണ പകര്‍ച്ചവ്യാധിമൂലം നേരിട്ടുകൊണ്ടിരിക്കുന്നത്. മാസങ്ങളായി ജോലിയോ ശമ്പളമോ ഇല്ലാതെയും, പലരുടെയും ശമ്പളം വെട്ടിക്കുറച്ചും അതിഭീകരമായ നിലയിലാണ് ലേബര്‍ ക്യാംപുകളിലും റൂമുകളിലും കഴിയുന്നവരുടെ അവസ്ഥ. അതുകൊണ്ട് വിദേശത്തുളള ഇന്ത്യക്കാരുടെ ക്ഷേമത്തിനായി രുപീകരിച്ച ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നും ഇവിടെ കഴിയുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് അടിയന്തിര സഹായമെത്തിക്കണം.
ഏറ്റവും അര്‍ഹരായവരെ കണ്ടെത്തി അവരെ സഹായിക്കാന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നു സഹായം അനുവദിക്കാന്‍ ബന്ധപ്പെട്ടവര്‍ ഇടപെടണമെന്നും സോഷ്യല്‍ ഫോറം ആവശ്യപ്പെട്ടു. സൗദിയില്‍ ആദ്യ കൊവിഡ് സ്ഥിരീകരിച്ച ഖത്തീഫ് മേഖല പൂര്‍ണമായും കര്‍ഫ്യു ഏര്‍പ്പെടുത്തിയപ്പോള്‍ സോഷ്യല്‍ ഫോറം ഖത്തീഫ് ബ്ലോക്ക് കമ്മിറ്റി പ്രവാസികളുടെ ബുദ്ധിമുട്ടുകള്‍ തിരിച്ചറിഞ്ഞ് അവര്‍ക്ക് വേണ്ട സഹായങ്ങള്‍ എത്തിച്ചുനല്‍കുകയും സന്ദര്‍ശന വിസയിലെത്തി കുടുങ്ങിപ്പോയ കുടുംബങ്ങള്‍ക്കും ഭക്ഷ്യ കിറ്റുകളും അവശ്യ വസ്തുക്കളും കൂടാതെ വൈദ്യ സഹായം വേണ്ടവര്‍ക്കു സമയോചിതമായ ഇടപെടലിലൂടെ സഹായമെത്തിക്കാനും കഴിഞ്ഞു.
ഖത്തീഫ് മേഖലയില്‍ കര്‍ഫ്യൂ താല്‍ക്കാലികമായി നിര്‍ത്തിവച്ച സാഹചര്യത്തില്‍ വളരെ അത്യാവശ്യമുള്ളവര്‍ മാത്രം പുറത്തിറങ്ങുകയും, കുറച്ചു നാളത്തേക്ക് വേണ്ട ഭക്ഷണ സാധനങ്ങള്‍ ശേഖരിച്ചുവയ്ക്കുകയും ചെയ്യണമെന്ന് ഫോറം ഖത്തീഫ് ബ്ലോക്ക് പ്രസിഡന്റ് ഷാഫി വെട്ടം അറിയിച്ചു. മേഖലയിലെ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ ബ്രാഞ്ചുകളില്‍ നിന്നും ഹനീഫ മാഹി, അന്‍സാര്‍ തിരുവനന്തപുരം, കോയ കൊടുവള്ളി, ഫൈസല്‍ പാലക്കാട്, റഈസ് കടവില്‍, ഷൈജു കൊല്ലം, റഫീഖ് മമ്പാട്, ഫിറോസ് മമ്പാട്, ഷാജഹാന്‍ കൊടുങ്ങല്ലൂര്‍, ഹാഷിര്‍, മൂസ, സിദ്ദീഖ് പാണാലി, നസീം കടക്കല്‍, റാഫി വയനാട്, ഷെമീര്‍ ആറ്റിങ്ങല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.