വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് 11.5 കോടി രൂപ നഷ്ട പരിഹാരം; തുണയായത് ഫ്രാന്‍ഗള്‍ഫ് അഡ്വക്കേറ്റ്‌സ് ഇടപെടല്‍

Update: 2024-09-09 16:57 GMT

ദുബായ്: വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി യുവാവിന് 11.5 കോടി രൂപ നഷ്ട പരിഹാരം വിധിച്ച് ദുബായ് കോടതി. വാഹനാപകടത്തില്‍ 5 മില്യണ്‍ ദിര്‍ഹം നഷ്ട പരിഹാരം ലഭിക്കുന്ന യു.എ.ഇയിലെ രണ്ടാമത്തെ കേസാണിത്. രണ്ടു റെക്കോര്‍ഡ് നേട്ടങ്ങള്‍ നേടിയെടുത്തതും ഷാര്‍ജ കേന്ദ്രീകരിച്ച് പ്രവൃത്തിക്കുന്ന ഫ്രാന്‍ഗള്‍ഫ് അഡ്വക്കേറ്റ്‌സ്.

2022 മാര്‍ച്ച് 26 ന് നടന്ന ഒരപകടമാണ് കേസിനാധാരം. മലപ്പുറം കൂരാട് കുമ്മാളി വീട്ടില്‍ ഉമ്മര്‍ മകന്‍ ഷിഫിന്‍ എന്ന ഇരുപത്തിരണ്ടുകാരനെ ഒരു സ്വദേശി ഓടിച്ച കാര്‍ വന്ന് ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഈ ഷിഫിന് കാര്യമായ പരിക്കേറ്റു. അപകടം നടന്നയുടനെ കാര്‍ ഓടിച്ചിരുന്നയാള്‍ വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. സി.സി.ടി.വി സഹായത്തോടെ പോലിസ് പ്രതിയെ പിടികൂടി. ഉടനെ തന്നെ ഷിഫിന് അല്‍ ഐനിലെ ആശുപത്രിയില്‍ എത്തിച്ച് വിദഗ്ദ ചികിത്സ നല്‍കിയിരുന്നെങ്കിലും തലക്ക് കാര്യമായ പരിക്കേറ്റിരുന്നു.

തലച്ചോറിനേറ്റ പരിക്ക് മൂലം ഈ യുവാവിന്റെ പത്തോളം അവയവങ്ങള്‍ക്ക് പ്രവര്‍ത്തനക്ഷമത നഷ്ടപ്പെട്ടതായി വൈദ്യശാസ്ത്രം വിധിയെഴുതി.ഇതോടെ അബൂദബിയിലെ ഒരു സ്വകാര്യ ആശുപത്രിയുടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. പ്രിയപ്പെട്ടവരുടെ പ്രാര്‍ഥനയും യു.എ.ഇയിലെ ചികിത്സയുടെയും ഫലമെന്നോണം ഷിഫിന്‍ ശിരസ്സ് ഇളക്കാന്‍ തുടങ്ങി. ഇതോടെ തുടര്‍ ചികിത്സക്ക് നാട്ടിലേക്ക് കൊണ്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു. ഷിഫിന്റെ ദാരുണമായ അപകടത്തിന്റെ കേസ് ഷാര്‍ജ ആസ്ഥാനമായ ഫ്രാന്‍ഗള്‍ഫ് അഡ്വകേറ്റ്‌സ് സീനിയര്‍ കണ്‍സള്‍ട്ടണ്ട് ഈസാ അനീസ്, അഡ്വക്കേറ്റ് യു.സി. അബ്ദുല്ല, അഡ്വക്കേറ്റ് മുഹമ്മദ് ഫാസില്‍ എന്നിവര്‍ ഏറ്റെടുക്കുകയായിരുന്നു.


 ദുബായ് കോടതിയില്‍ നടന്ന കേസിനെ തുടര്‍ന്ന് ഷിഫിന്റെ നിലവിലെ ദുരിതപൂര്‍ണ്ണമായ ജീവിതാവസ്ഥ മനസ്സിലാക്കിയ ഇന്‍ഷുറന്‍സ് അതോറിറ്റി കോര്‍ട് ഷിഫിന് നഷ്ടപരിഹാരമായി 2.8 മില്യണ്‍ വിധിച്ചിരുന്നു എങ്കിലും ഷിഫിന്റെ ശാരീരിക മാനസിക അവസ്ഥ പരിഗണിച്ചു കൂടുതല്‍ തുക ലഭിക്കാനുള്ള കേസുമായി ഷിഫിന്റെ അഭിഭാഷകര്‍ മുന്നോട്ടു പോവുകയായിരുന്നു. തുടര്‍ന്ന് അഞ്ച് മില്യണ്‍ ദിര്‍ഹം നഷ്ട പരിഹാരം നല്‍കാന്‍ വിധിക്കുകയായിരുന്നു. ഇതിന് മുന്പ് ദുബൈ റാഷിദിയയിലുണ്ടായ ഒമാന്‍ ബസ്സപകടത്തില്‍ ഇരയായ ഇന്ത്യന്‍ യുവാവിന് സുപ്രിം കോടതി 5 മില്യണ്‍ ദിര്‍ഹം നഷ്ട പരിഹാരം വിധിച്ചിരുന്നു. ഈ കേസിലും ഫ്രാന്‍ ഗള്‍ഫ് അഡ്വക്ക്‌കേറ്റ്‌സാണ് നിയമ സഹായം നല്‍കിയത്.

ഫ്രാന്‍ഗള്‍ഫ് അഡ്വക്കേറ്റ്‌സ് മുഖ്യ ഉപദേഷ്ടാവ് ശരീഫ്അല്‍വര്‍ദയുടെ മേല്‍നോട്ടത്തില്‍ യുഎഇ അഡ്വക്കേറ്റ്മാരായ ഹസ്സന്‍ അശൂര്‍ അല്‍മുല്ല, അഡ്വക്കേറ്റ്ഫരീദ്അല്‍ ഹസ്സന്‍ എന്നിവരാണ് ഇന്‍ഷുറന്‍സ്അതോറിറ്റി മുതല്‍ വിവിധ കോടതികളില്‍ നടന്ന കേസുകള്‍ക്കു വിവിധ ഘട്ടങ്ങളില്‍ ഹാജരായത്.




Tags:    

Similar News