ദയാദനമായ 34 കോടിക്ക് പുറമെ അഭിഭാഷകന്റെ പ്രതിഫലവും നാട്ടില്‍ നിന്ന് സൗദിയിലേക്ക് അയയ്ക്കണമെന്നാണ് സഹായ സമിതി ആവശ്യപ്പെടുന്നത്. നീക്കങ്ങള്‍ വൈകിയാല്‍ റഹീമിന്റെ മോചനവും വൈകും. സൗദിയില്‍ മരിച്ച കുട്ടിയുടെ കുടുംബവും പ്രതിഭാഗവും ബന്ധപ്പെട്ട ഉടമ്പടിയില്‍ ഗവര്‍ണറേറ്റിന്റെ സാന്നിധ്യത്തില്‍ ഒപ്പുവച്ച ശേഷമാണ് ദയാദനമായ 34 കോടി രൂപ കുടുംബത്തിന് കൈമാറുക. മോചനദ്രവ്യം നല്‍കാന്‍ തയാറാണെന്ന് പ്രതിഭാഗവും അത് സ്വീകരിച്ച് അബ്ദുല്‍ റഹീമിന് മാപ്പ് നല്‍കാന്‍ തയാറാണെന്ന് വാദിഭാഗവും കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഈ നടപടിക്രമങ്ങള്‍ക്ക് മുമ്പായി എതിര്‍ഭാഗം അഭിഭാഷകന്റെ പ്രതിഫലം കൂടി കൊടുക്കണം. അല്ലാത്തപക്ഷം റഹീമിന്റെ മോചനം വൈകും.
അതിനിടെ നാട്ടിലെ റഹീം നിയമസഹായ സമിതി അടിയന്തര പ്രാധാന്യത്തോടു കൂടി വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. അഭിഭാഷകനുള്ള തുക സമിതി നല്‍കുമെന്നും എന്നാല്‍ ഇത് എംബസി മുഖാന്തരമായിരിക്കുമെന്നും റഹീം നിയമസഹായ സമിതി അറിയിച്ചിട്ടുണ്ട്. വ്യക്തികള്‍ മുഖേന പണം കൈമാറില്ലെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. ഇന്ത്യ ഗവണ്‍മെന്റ് വിദേശകാര്യ വകുപ്പും സൗദ്യയിലുള്ള എംബസി ഉദ്യോഗസ്ഥരും യോജിച്ചുള്ള പ്രവര്‍ത്തനം ദുരിതഗതിയില്‍ നടക്കുകയാണ്. ഇത് സംബന്ധിച്ചുള്ള എല്ലാ പ്രതിസന്ധികളും തീര്‍ത്ത് എത്രയും പെട്ടെന്ന് ഫണ്ട് അയച്ചു റഹീമിനെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്നും സമിതി അറിയിച്ചിട്ടുണ്ട്.