ദുബയ്: യുഎഇയിലെ സ്വകാര്യമേഖലയ്ക്ക് നാലുദിവസത്തെ അവധി പ്രഖ്യാപിച്ചു. ബലിപെരുന്നാളിനോട് അനുബന്ധിച്ചാണ് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അവധി പ്രഖ്യാപിച്ചത്. ജൂലൈ 19 മുതല്‍ 22 വരെയാണ് അവധി. ഈ അവധി ദിനങ്ങളില്‍ യുഎഇയിലെ എല്ലാ സ്വകാര്യസ്ഥാപനങ്ങളിലും കമ്പനികളിലും ജോലിചെയ്യുന്നവര്‍ക്ക് ശമ്പളത്തോടെയുള്ള അവധിയായിരിക്കും. സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന ആളുകള്‍ക്ക് ഇതേ തിയ്യതി അവധി നല്‍കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
യുഎഇയിലെ താമസക്കാര്‍ക്ക് ബലിപെരുന്നാള്‍ ആഘോഷത്തിന് ഇത്തവണ വാരാന്ത്യ അവധികള്‍കൂടി ചേര്‍ത്ത് ആറുദിവസം ലഭിക്കും. ഈ മാസം 19ന് അറഫാദിനം മുതല്‍ 22 വരെയാണ് യുഎഇയില്‍ സര്‍ക്കാര്‍ അവധിദിനങ്ങള്‍. ഫെഡറല്‍ അതോറിറ്റി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
ഈദുല്‍ അദ്ഹ അവധിയും വാരാന്ത്യ അവധികളും ഇത്തവണ ഒരുമിച്ചാണ് വന്നത്. വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധികള്‍ കൂടി ചേര്‍ന്ന് ഞായറാഴ്ചയാവും മന്ത്രാലയങ്ങളും സ്ഥാപനങ്ങളും തുറക്കുക. ഇതോടെ ആഘോഷത്തിന് തുടര്‍ച്ചയായ ആറുദിവസം ജീവനക്കാര്‍ക്ക് ലഭിക്കും. കൂടിച്ചേരലുകള്‍ക്കും മറ്റും ഇത്തവണയും കടുത്ത നിയന്ത്രണങ്ങളുണ്ടാവും.