സൗദി: സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ശമ്പളം 40% കുറയ്ക്കാമെന്ന് വ്യവസ്ഥ
കൊവിഡ് പ്രതിസന്ധി സ്വകാര്യ മേഖലയെ സാരമായി ബാധിച്ച പശ്ചാത്തലത്തിലാണ് ശമ്പളം വെട്ടിക്കുറയ്ക്കാന്‍ മന്ത്രാലയം അനുമതി നല്‍കിയത്.
റിയാദ്: സൗദിയില്‍ ആറു മാസത്തേക്ക് സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പളം പരമാവധി 40 ശതമാനം വരെ കുറയ്ക്കാമെന്ന് മാനവശേഷി വികസന മന്ത്രാലയം. കൊവിഡ് പ്രതിസന്ധി സ്വകാര്യ മേഖലയെ സാരമായി ബാധിച്ച പശ്ചാത്തലത്തിലാണ് ശമ്പളം വെട്ടിക്കുറയ്ക്കാന്‍ മന്ത്രാലയം അനുമതി നല്‍കിയത്.
അടുത്ത ആറു മാസത്തേക്ക് തൊഴില്‍ നിയമത്തില്‍ വരുത്തിയ ഭേദഗതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് പ്രതിസന്ധിമൂലം തൊഴില്‍ സമയം കുറഞ്ഞതിനാലാണ് തൊഴിലാളികളുടെ ശമ്പളം കുറയ്ക്കാമെന്ന വ്യവസ്ഥയെന്ന് മന്ത്രാലയം വ്യക്തമാക്കി. തൊഴില്‍ സാഹചര്യത്തിന് അനുസരിച്ചു അടുത്ത ആറു മാസത്തിനുള്ളില്‍ ജീവനക്കാരുടെ വാര്‍ഷികാവധി ക്രമീകരിക്കാനും പുതിയ ഭേദഗതി തൊഴിലുടമയ്ക്ക് അനുമതി നല്‍കുന്നുണ്ട്. ആറുമാസമായിട്ടും നിലവിലെ പ്രതിസന്ധി തീരുന്നില്ലങ്കില്‍ ജീവനക്കാരുടെ തൊഴില്‍ കരാറില്‍ മാറ്റം വരുത്താം.
പ്രതിസന്ധി തുടരുകയാണെങ്കില്‍ ജീവനക്കാരനും തൊഴില്‍ കരാര്‍ അവസാനിപ്പിക്കാന്‍ കഴിയും. അതേസമയം പിരിച്ചുവിടല്‍ വ്യവസ്ഥ ലംഘിച്ചാല്‍ സ്ഥാപനത്തിന് 10,000 റിയാല്‍ പിഴ ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.