സൗദിയുടെ പ്രധാന നഗരങ്ങളില്‍ മലയാളമടക്കം നാല് ഭാഷകളില്‍ എഫ് എം റേഡിയോ വരുന്നു

ഇംഗ്ലീഷ് ഭാഷയിലുള്ള പ്രക്ഷേപണവും ഉടനെ ഉണ്ടാകും

Update: 2023-03-19 05:05 GMT



ജിദ്ദ: സൗദിയുടെ മെട്രോ നഗരങ്ങളായ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളില്‍ മലയാളം, ഹിന്ദി, ഇംഗ്ലീഷ്, താഗലോഗ് എന്നീ ഭാഷകളില്‍ എഫ് എം റേഡിയോ വരുന്നു. ക്യാപിറ്റല്‍ റേഡിയോ നെറ്റ്വര്‍ക്കിന് കീഴിലാണ് സൗദിയില്‍ ആദ്യമായി വിദേശ പ്രാദേശിക ഭാഷ റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നത്


2023 ജൂലൈ മാസം ക്യാപിറ്റല്‍ റേഡിയോ നെറ്റ്വര്‍ക്കിന് കീഴില്‍ വിവിധ ഫ്രീക്യുഎന്‍സി നമ്പറുകളിലായി റിയാദിലും ജിദ്ദയിലും പ്രവര്‍ത്തനം ആരംഭിക്കും. വാര്‍ത്തകളും വിനോദ പരിപാടികളും പ്രക്ഷേപണം ചെയ്യാന്‍ സൗദി അറേബ്യന്‍ മീഡിയ മന്ത്രാലയത്തില്‍ നിന്നും അനുമതി ലഭിച്ചതായി കമ്പനി സി ഇ ഒ റഹീം പട്ടര്‍കടവന്‍ പറഞ്ഞു. എഫ് എം റേഡിയോ പദ്ധതിയിലൂടെ സൗദി വിഷന്‍ 2030യുടെ ഭാഗമാകാന്‍ സാധിച്ചതില്‍ സൗദി ഭരണാധികാരികളോട് അദ്ദേഹം നന്ദി പറഞ്ഞു


റിയാദിലും ജിദ്ദയിലും ഹിന്ദി ഭാഷയിലുള്ള പ്രക്ഷേപണം 101.5 എന്ന ഫ്രീക്യുഎന്‍സിയിലും മലയാളത്തിലുള്ള പരിപാടികള്‍ റിയാദില്‍ 101.7 എന്ന നമ്പറിലും ജിദ്ദയില്‍ 104.5 എന്ന നമ്പറിലും ശ്രോതാക്കളിലെത്തും. ഇംഗ്ലീഷ് ഭാഷയിലുള്ള പ്രക്ഷേപണവും ഉടനെ ഉണ്ടാകും



റിയാദ്, ജിദ്ദ എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്ന മുറക്ക് ദമ്മാമിലും വൈകാതെ എഫ് എം റേഡിയോ എത്തി തുടങ്ങും. ശേഷം സൗദിയുടെ പ്രധാന നഗരങ്ങളിലെല്ലാം ക്യാപിറ്റല്‍ റേഡിയോ നെറ്റ്വര്‍ക്കിന്റെ സേവനം ലഭ്യമാകും



മികച്ച അവതാരകരുടെ സേവനം ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ശ്രോതാക്കള്‍ക്ക് സമയ ബന്ധിതമായി ആവശ്യമായ അറിയിപ്പുകള്‍, പ്രവാസ ലോകത്തെ വിവിധ വിഷയങ്ങളെ കുറിച്ചുള്ള അവബോധം തുടങ്ങിയ കാര്യങ്ങള്‍ 24 മണിക്കൂറും തുടരുന്ന പരിപാടിയില്‍ ഉള്‍പ്പെടുത്തുമെന്നും ജിദ്ദയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ബന്ധപ്പെട്ടവര്‍ പറഞ്ഞു. റേഡിയോക്ക് പുറമെ ഓണ്‍ലൈന്‍ സ്ട്രീമിലും പരിപാടികള്‍ കേള്‍ക്കാന്‍ സാധിക്കും






Tags:    

Similar News