വിദേശ തീര്‍ത്ഥാടകര്‍ ഇന്നു മുതല്‍ ഉംറ നിര്‍വഹിക്കും; ഉംറ മൂന്ന് ദിവസത്തെ ക്വാറന്റൈന് ശേഷം
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ച ഉംറ സര്‍വീസ് പുനരാരംഭിച്ചതിനു ശേഷം ആദ്യമായാണ് വിദേശ തീര്‍ത്ഥാടകര്‍ക്ക് അനുമതി ലഭിക്കുന്നത്.
ദമ്മാം: വിദേശത്ത് നിന്നെത്തിയ തീര്‍ത്ഥാടകര്‍ മൂന്ന് ദിവസത്തെ ക്വാറന്റൈന് ശേഷം ഇന്നു മുതല്‍ ഉംറ നിര്‍ഹവഹിച്ചു തുടങ്ങും. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ച ഉംറ സര്‍വീസ് പുനരാരംഭിച്ചതിനു ശേഷം ആദ്യമായാണ് വിദേശ തീര്‍ത്ഥാടകര്‍ക്ക് അനുമതി ലഭിക്കുന്നത്. വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് മൂന്ന് ദിവസത്തെ ക്വാറന്റൈന് നിര്‍ബന്ധമാണ്. ഇതിനായി മക്കയിലെ ഹോട്ടലുകളിലാണ് സൗകര്യമൊരുക്കിയിട്ടുള്ളത്. 18 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള തീര്‍ഥാടകര്‍ക്കാണ് നിലവില്‍ വിദേശത്ത് നിന്നും അനുമതി നല്‍കുന്നത്.
സൗദിയിലേക്കുള്ളയാത്രയുടെ 72 മണിക്കൂര്‍ മുമ്പ അംഗീകൃത ലാബില്‍നിന്നുള്ള പിസിആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് സമര്‍പിച്ചിരിക്കണം. യാത്രക്കു മുമ്പ് ഉംറ നിര്‍വഹിക്കല്‍, മസ്ജിദുല്‍ ഹറാമിലും റൗദ ശരീഫിലും നിസ്‌കരിക്കല്‍, മുഹമ്മദ് നബിയുടെ ഖബറിടം സന്ദര്‍ശിക്കല്‍ എന്നിവക്കായി ഇഅ്തിമാറനാ ആപ്പ് വഴി മുന്‍ കൂട്ടി ബുക്ക് ചെയ്യണം. പാക് തീര്‍ത്ഥാടകരാണ് ആദ്യമായി മക്കയിലെത്തിയത്. ഇന്തോനേസ്യയില്‍നിന്നുള്ള തീര്‍ത്ഥാടകരും ഇന്നലെ എത്തിച്ചേര്‍ന്നിരുന്നു.