നവംബര്‍ ഒന്ന് മുതല്‍ ഉംറയ്ക്ക് വിദേശ തീര്‍ത്ഥാടകരും എത്തുന്നു
ഘട്ടംഘട്ടമായി തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കാനാണ് പദ്ധതി. വിദേശത്തുനിന്നുള്ള ഉംറ തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ ജിദ്ദ വിമാനത്താവളത്തിലും ഹറമുകളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ദമ്മാം: കൊവിഡ് രോഗവ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ച ഉംറ തീര്‍ത്ഥാടനം പുനരാരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോള്‍ സൗദിക്ക് പുറത്തുനിന്നുള്ള ഉംറ തീര്‍ത്ഥാടകരെക്കൂടി സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ അധികൃതര്‍ ആരംഭിച്ചു. നവംബര്‍ ഒന്ന് മുതലാണ് പരിമിതമായ തോതില്‍ പുറമെ നിന്നുള്ള തീര്‍ത്ഥാടകരെ സ്വീകരിക്കുക. ഘട്ടംഘട്ടമായി തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കാനാണ് പദ്ധതി. വിദേശത്തുനിന്നുള്ള ഉംറ തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ ജിദ്ദ വിമാനത്താവളത്തിലും ഹറമുകളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ഉംറ തീര്‍ത്ഥാടകരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തങ്ങള്‍ പൂര്‍ത്തിയാക്കിയതായി ജിദ്ദ കിങ് അബ്ദുല്‍ അസീസ് വിമാനത്താവളത്തിന്റെ ചുമതലയുള്ള കമ്പനി മേധാവി എന്‍ജിനീയര്‍ അദ്‌നാന്‍ അല്‍സഖാഫ് അറിയിച്ചു. പൂര്‍ണമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും തീര്‍ത്ഥാടകരെ സ്വീകരിക്കുകയും തിരിച്ച് അവരെ യാത്ര അയക്കുകയും ചെയ്യുക. 700 ലേറെ ഉംറ കമ്പനികളാണ് തീര്‍ത്ഥാടകരുടെ സേവനത്തിനുണ്ടാവുക. നവംബര്‍ ഒന്നിനാണ് വിദേശത്തുനിന്ന് ഉംറ തീര്‍ത്ഥാടകര്‍ മക്കയിലേക്ക് പ്രവേശിക്കുക.
സൗദിയ്ക്കകത്തുള്ള സ്വദേശികളും വിദേശികളും മാത്രമാണ് നിലവില്‍ ഉംറ നിര്‍വഹിക്കുന്നത്. നവംബര്‍ ഒന്ന് മുതല്‍ നിലവില്‍ വിമാനസര്‍വീസ് പുനരാരംഭിച്ച രാജ്യങ്ങളില്‍നിന്നുള്ളവരാവും തീര്‍ത്ഥാടകര്‍. ഈമാസം 18ന് തുടങ്ങിയ ഉംറ തീര്‍ത്ഥാടനത്തിന്റെ രണ്ടാംഘട്ടത്തിന് ശേഷം ഇതുവരെ ഒന്നേകാല്‍ ലക്ഷത്തോളം തീര്‍ത്ഥാടകര്‍ മക്കയിലെത്തിയിരുന്നു. നവംബര്‍ ഒന്ന് മുതല്‍ പ്രതിദിനം 70,000 തീര്‍ത്ഥാടകര്‍ ഹറമിലെത്തും. നമസ്‌കാരങ്ങളില്‍ 60,000 പേര്‍ക്കും പങ്കെടുക്കാം. നിറഞ്ഞുകവിയുന്നതാണ് ഓരോ ഉംറക്കാലത്തും ഹറമിന്റെ മുറ്റം.
കൊവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ പ്രത്യേക പ്രോട്ടോക്കോള്‍ സ്ഥിതി നിയന്ത്രണവിധേയമാവുംവരെ തുടരും. മദീനയിലേക്കും നവംബറോടെ തീര്‍ത്ഥാടക പ്രവാഹമുണ്ടാവും. ഇത് കണക്കുകൂട്ടി വനിതകളെ നിയന്ത്രിക്കാന്‍ 99 വനിതാ സുരക്ഷാ ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്. കൊവിഡ് 19 പാശ്ചാത്തലത്തില്‍ പുറമെ നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതമായി കര്‍മങ്ങള്‍ നിര്‍വഹിച്ച് തിരിച്ചയക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് ശില്‍പശാല സംഘടിപ്പിച്ചിരുന്നു.