ജിദ്ദ: രോഗനിര്‍ണയത്തിന് അത്യാധുനിക യന്ത്രങ്ങളെയും സങ്കീര്‍ണ ഗവേഷണങ്ങളെയും കൂടുതലായും ആശ്രയിക്കുന്ന പാശ്ചാത്യരീതിയേക്കാള്‍ രോഗിയെ സ്പര്‍ശിച്ചും നിരീക്ഷിച്ചും രോഗം നിര്‍ണയിക്കുന്ന ഇന്ത്യന്‍ രീതി കൂടുതല്‍ അഭികാമ്യമായി അനുഭവപ്പെട്ടതായി ജിദ്ദ ഇന്റര്‍നാഷനല്‍ മെഡിക്കല്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും സൗദി ഇന്ത്യന്‍ ഹെല്‍ത്ത്‌കെയര്‍ ഫോറം പ്രസിഡന്റുമായ ഡോ. അഷ്‌റഫ് അമീര്‍ അഭിപ്രായപ്പെട്ടു. ഗുഡ് വില്‍ ഗ്ലോബല്‍ ഇനിഷ്യെറ്റീവ് (ജിജിഐ) ജിദ്ദ നാഷനല്‍ ഹോസ്പിറ്റലുമായി ചേര്‍ന്ന് 'വിളക്കുമാടം മാടിവിളിക്കുന്നു'എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍ ഡയലോഗ് സെഷനില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം മുഖ്യപ്രഭാഷണം നടത്തി. ഡോക്ടറുടെ പ്രതിഭാശേഷിയും നൈപുണ്യവും കരസ്പര്‍ശവും സ്‌റ്റെതസ്‌കോപ്പും ഉപയോഗിച്ച് ഇന്ത്യയില്‍ പരിശീലിച്ച രോഗനിര്‍ണയ രീതിയാണ് പില്‍ക്കാലത്ത് പിന്തുടര്‍ന്നുപോന്നതെന്നു ബംഗളൂരുവിലെ അഞ്ച് വര്‍ഷത്തെ മെഡിക്കല്‍ വിദ്യാഭ്യാസ കാലത്തെയും തുടര്‍ന്ന് അമേരിക്കയില്‍ നടത്തിയ ബിരുദാനന്തര ബിരുദപഠന കാലത്തെയും അനുഭവങ്ങള്‍ താരതമ്യം ചെയ്ത് ഡോ. അമീര്‍ പറഞ്ഞു. റമദാനും ഖുര്‍ആനും ആരോഗ്യവും എന്ന വിഷയത്തിലൂന്നിയ പ്രഭാഷണത്തില്‍, ആരോഗ്യജീവിതത്തിന് ഏറ്റവും മികച്ച കുറിപ്പടിയാണ് റമദാനെന്ന് അദ്ദേഹം സമര്‍ഥിച്ചു.
ഝാര്‍ഖണ്ടിലെ കല്‍ക്കരി ഖനിമേഖലയില്‍ ജനിച്ചുവളര്‍ന്ന തന്റെ കുട്ടിക്കാലത്തെ നോമ്പനുഭവങ്ങള്‍ ഷാഹിദ് ആലം വിവരിച്ചു. ഗ്രാമത്തില്‍ നോമ്പ് തുറക്കാന്‍ വാങ്ക് വിളി കേള്‍ക്കുമായിരുന്നില്ല. പിതാമഹന്‍ വാച്ചില്‍ നോക്കി സമയമായെന്ന് അറിയിച്ചയുടന്‍, ഞങ്ങള്‍ കുട്ടികള്‍ ചുറ്റുവട്ടത്തിലും ഓടി ഉച്ചത്തില്‍ വിളിച്ചുപറയുമായിരുന്നു. ഇതുകേട്ടാണ് അയല്‍വാസികള്‍ നോമ്പ് തുറന്നിരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജിദ്ദ നാഷനല്‍ ഹോസ്പിറ്റല്‍ (ജെഎന്‍എച്ച്) ചെയര്‍മാന്‍ വി പി മുഹമ്മദലി ആമുഖ പ്രഭാഷണം നടത്തി. ജിജിഐ പ്രസിഡന്റ് ഡോ. ഇസ്മായില്‍ മരിതേരി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹസന്‍ ചെറൂപ്പ സ്വാഗതവും ജെ.എന്‍.എച്ച് വൈസ് ചെയര്‍മാന്‍ വി പി അലി മുഹമ്മദലി നന്ദിയും പറഞ്ഞു. ഖാരിഅ് ഇംറാന്‍ ഖാന്‍ ഖിറാഅത്ത് നടത്തി. ഇന്ത്യന്‍ സമൂഹത്തിലെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.