റിയാദ്: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന മാസാന്തര രക്ത ദാന ക്യാംപിന്റെ ഭാഗമായി ഫ്രറ്റേണിറ്റി ഫോറം മലാസ് ഏരിയയും പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ആശുപത്രിയും സംയുക്തമായി ക്യാമ്പ് സംഘടിപ്പിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ രക്തദാന ക്യാംപില്‍ നിരവധി പേര്‍ രക്തം ദാനം ചെയ്തു. കൊവിഡ് പശ്ചാത്തലത്തില്‍ രക്ത ലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ സാമൂഹിക ബാധ്യത ഏറ്റെടുത്താണ് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം കാംപയിനുമായി മുന്നിട്ടിറങ്ങുന്നത്. ഫോറത്തിന്റെ വിവിധ ഏരിയകള്‍ കേന്ദ്രീകരിച്ച് എല്ലാ മാസവും വിവിധ സര്‍ക്കാര്‍ ആശുപത്രികളുമായി സഹകരിച്ചാണ് ക്യാംപുകള്‍ സംഘടിപ്പിക്കുന്നത്.
കൊവിഡ് മഹാമാരിക്കിടയിലും രക്തദാനം സംഘടിപ്പിക്കാന്‍ തയ്യാറായ ഫോറം പ്രവര്‍ത്തകരെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ആശുപത്രി ബ്ലഡ് ഡൊണേഷന്‍ മേധാവി ഡോ. സയ്യിദ് അഹമ്മദ് പ്രത്യേകം അഭിനന്ദിച്ചു. ബ്ലഡ് ബാങ്ക് ഹെഡ് നഴ്‌സ് അഹദ് സലിം, ബ്ലഡ് ബാങ്ക് സ്‌പെഷ്യലിസ്റ്റ് മുഹമ്മദ് അല്‍ മുത്തേരി, സിസ്റ്റര്‍ മരിയാ കെലിന്‍ അന്ദേര, ഫഹദ് ഹകമി, ഫ്രറ്റേണിറ്റി ഫോറം മലാസ് ഏരിയ നേതൃത്വങ്ങളായ അഷ്‌റഫ് പാഴൂര്‍, ഷാഫി തിരൂര്‍, അഷ്‌റഫ് പിറ്റി, ഹബീബ് കാഞ്ഞിപ്പുഴ നേതൃത്വം നല്‍കി.
India Fraternity Forum conduct Blood donation camp