ജിദ്ദ: സപ്തംബര്‍ 23ന് നടക്കുന്ന തൊണ്ണൂറാമത് സൗദി ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് കൊവിഡ് കാലഘട്ടത്തില്‍ സേവന രംഗത്ത് സജീവമായവരെ ആദരിക്കാന്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജിദ്ദാ കമ്മിറ്റി തീരുമാനിച്ചു. 'കൊവിഡ് യോദ്ധാക്കളെ ആദരിക്കുക' എന്ന തലക്കെട്ടില്‍ ആരോഗ്യ-സേവന-സുരക്ഷാ രംഗങ്ങളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവയ്ക്കുകയും സൗദി അധികാരികളുടെയും സമൂഹത്തിന്റെയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്ത വ്യക്തികളെയും സ്ഥാപനങ്ങളെയും അനുമോദിക്കുന്നതിന് വിവിധ പരിപാടികള്‍ ഫോറം ആസൂത്രണം ചെയ്തു.
കൊവിഡ് മഹാമാരിയുടെ തീക്ഷ്ണ കാലഘട്ടത്തില്‍ അണുബാധാ സാധ്യത നിലനില്‍ക്കെ തന്നെ സ്വന്തത്തെ അവഗണിച്ച് സാമൂഹിക സേവന രംഗത്ത് സജീവമായവരെ സൗദി ദേശീയ ദിനത്തില്‍ അനുമോദിക്കുന്നത് ഒരു പ്രവാസി കൂട്ടായ്മയെന്ന നിലക്ക് ഈ നാടിനോടുള്ള കൃതജ്ഞത രേഖപ്പെടുത്തലാണെന്ന് കമ്മിറ്റി വിലയിരുത്തി. പടിഞ്ഞാറന്‍ പ്രവിശ്യയില്‍ തായിഫ്, ഖുന്ഫുദ, അല്‍ബാഹ, മക്ക, ജിദ്ദ, റാബിഖ്, മദീന, തബൂക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ ഈ രംഗത്ത് ശ്രദ്ധേയരായവര്‍ക്ക് പ്രശംസാ പത്രങ്ങളും ഉപഹാരങ്ങളും കൈമാറും. ദേശീയ ദിനത്തില്‍ പ്രശസ്തരെയും ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം ഏറ്റുവാങ്ങിയവരെയും പങ്കെടുപ്പിച്ച്‌വെബ് മീറ്റിങ്ങും സംഘടിപ്പിക്കുന്നുണ്ട്.
യോഗത്തില്‍ ജിദ്ദാ റീജ്യനല്‍ പ്രസിഡന്റ് ഫയാസുദ്ദിന്‍ അധ്യക്ഷത വഹിച്ചു. ഇഖ്ബാല്‍ ചെമ്പന്‍, സയ്യിദലി കൊല്‍ക്കത്ത, മെഹ്ബൂബ് ഷെരീഫ് ചെന്നൈ, ആരിഫ് ജോക്കട്ടെ, മുഹമ്മദ് സാദിഖ് വഴിപ്പാറ സംസാരിച്ചു.
India Fraternity Forum honors volunteers from the covid