കേന്ദ്ര പെട്രോളിയം മന്ത്രി ഇന്ന് സൗദിയിലെത്തുന്നു

കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ആറ് ദിവസത്തെ ഗള്‍ഫ് സന്ദര്‍ശനത്തിനായി ഇന്ന് സൗദിയിലെത്തുന്നു.

Update: 2019-09-07 08:08 GMT

ദുബയ്: കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ആറ് ദിവസത്തെ ഗള്‍ഫ് സന്ദര്‍ശനത്തിനായി ഇന്ന് സൗദിയിലെത്തുന്നു. സൗദി അറേബ്യ, യുഎഇ, ഖത്തര്‍ എന്നീ രാജ്യങ്ങളിലാണ് മന്ത്രി സന്ദര്‍ശിക്കുന്നത്. പെട്രോളിയം മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും പ്രമുഖ വ്യാപാരികളും മന്ത്രിയെ അനുഗമിക്കുന്നുണ്ട്. ചൊവ്വാഴ്ച അബുദബിയില്‍ നടക്കുന്ന എട്ടാമത് എഷ്യന്‍ മിനിസ്റ്റീരിയല്‍ എനര്‍ജി റൗണ്ട്‌ടേബിള്‍ (ആമര്‍) മന്ത്രിയും സംഘവും പങ്കെടുക്കും. സൗദി ഊര്‍ജ്ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹുമായും സൗദി ആരംകോ കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരുമായും മന്ത്രി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളുമായി സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനെ കുറിച്ചായിരിക്കും ചര്‍ച്ച നടത്തുക. സൗദി അറേബ്യ ഇന്ത്യയിലെ പെട്രോകെമിക്കല്‍ രംഗത്ത് കൂടുതല്‍ നിക്ഷേപം നടത്തുന്നതിനെ കുറിച്ചും ചര്‍ച്ച ചെയ്യും. യുഎഇ പെട്രോളിയം മന്ത്രി സുഹൈല്‍ മുഹമ്മദ് ഫറാജുമായും അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്) സിഇഒ സുല്‍ത്താന്‍ അഹമ്മദ് അല്‍ ജാബറുമായും മന്ത്രി കൂടിക്കാഴ്ച നടത്തും. ഖത്തര്‍ ഊര്‍ജ്ജ മന്ത്രി സാദ് ഷരീദ അല്‍ കഅബിയുമായും മന്ത്രി ചര്‍ച്ച നടത്തും. 2021 ലെ ആമറിന് ആതിഥ്യം വഹിക്കുന്നത് ഇന്ത്യയാണ്.  

Tags:    

Similar News