അല്‍ ഖസിം (സൗദി അറേബ്യ): ഒരുവര്‍ഷത്തോളമായി ശമ്പളം കൃത്യമായി ലഭിക്കാതെ ബുദ്ധിമുട്ടിയിരുന്ന ശ്രീലങ്കന്‍ കുടുംബം ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് യാത്രയായി. ഏകദേശം ഒരുവര്‍ഷം മുമ്പാണ് ശ്രീലങ്കന്‍ സ്വദേശിയായ ഫരീദും ഭാര്യയും അല്‍ഖസിമിലെ ബുഹരിയയില്‍ ഹൗസ് ഡ്രൈവറും, ഹൗസ് മെയ്ഡുമായെത്തിയത്. ആദ്യത്തെ കുറച്ചുനാള്‍ ശംമ്പളം കൃത്യമായി കിട്ടിയെങ്കിലും പിന്നീട് അതുണ്ടായില്ല. മാത്രമല്ല, ഹൗസ് ഡ്രൈവര്‍ ജോലിക്ക് പുറമേ മറ്റ് കണ്‍സ്ട്രക്ഷന്‍ ജോലികളെടുക്കാന്‍ അദ്ദേഹത്തെ സ്‌പോണ്‍സര്‍ നിര്‍ബന്ധിക്കുകയുമുണ്ടായി. ഇതിനിടയില്‍ ഹൗസ് മെയ്ഡായിട്ടുവന്ന ഇദ്ദേഹത്തിന്റെ ഭാര്യ ഗര്‍ഭിണിയായെങ്കിലും ജോലിയെടുക്കാന്‍ നിര്‍ബന്ധിതയായി.
ജോലിഭാരവും ഒപ്പം ശമ്പളം ലഭിക്കാതെയും ബുദ്ധിമുട്ടിയ കുടുംബം സോഷ്യല്‍ ഫോറം പ്രവര്‍ത്തകരോട് സഹായം അഭ്യര്‍ഥിക്കുകയായിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട സോഷ്യല്‍ ഫോറം അല്‍ഖസിം ബ്ലോക്ക് പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ ഉപ്പള സ്‌പോണ്‍സറുമായി നിരന്തരം സംസാരിക്കുകയും അവസാനം ഒരാള്‍ക്കുള്ള ടിക്കറ്റുതുക മാത്രം നല്‍കി എക്‌സിറ്റ് നല്‍കാമെന്ന് സമ്മതിക്കുകയും ചെയ്തു. ശ്രീലങ്കയിലെ ക്വാറന്റൈന്‍ ചെലവടക്കം വലിയ തുക ഈ കുടുംബത്തിന് താങ്ങാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ അബ്ദുല്‍റഹ്മാന്‍ ഉപ്പള പൊതുജനങ്ങളുടെ സഹായത്തോടെ ആ തുക സമാഹരിച്ച് ഇവര്‍ക്ക് നല്‍കി നാട്ടിലേക്ക് യാത്രയാക്കുകയും ചെയ്യുകയായിരുന്നു.