നവീന സാങ്കേതിക വിദ്യകള്‍ തൊഴില്‍ നഷ്ടത്തിന് ഇടവരുത്തില്ല: സ്‌കില്‍ അപ്-സ്റ്റെപ് അപ്
റിയാദ്: തൊഴില്‍ മേഖലയില്‍ മികച്ച ഭാവി കൈവരിക്കാന്‍ പഠനവും പരിശീലനവും പരിശ്രമവും ആവശ്യമാണെന്ന് വിദ്യാഭ്യാസ പ്രവര്‍ത്തകനും ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് റീജിയനല്‍ ടെക്നിക്കല്‍ മാനേജരുമായ നവാസ് അബ്ദുല്‍ റഷീദ്. റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം (റിംഫ്) സംഘടിപ്പിച്ച 'സ്‌കില്‍ അപ്-സ്റ്റെപ് അപ്' തൊഴില്‍ നൈപുണ്യ വികസന ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവീന സാങ്കേതിക വിദ്യകള്‍ തൊഴില്‍ നഷ്ടത്തിന് ഇടവരുത്തില്ല. എന്നാല്‍ ചെയ്യുന്ന തൊഴിലുമായി ബന്ധപ്പെട്ട കൂടുതല്‍ നൈപുണ്യം നേടുമ്പോള്‍ മാത്രമാണ് തൊഴില്‍ അഭിവൃദ്ധി നേടാന്‍ കഴിയുക. കൃത്യമായ ലക്ഷ്യബോധവും അതിനനുസരിച്ച് ആസൂത്രണവും നടത്തിയാല്‍ അഭിനിവേശമുളള തൊഴിലിടങ്ങളില്‍ ഇഷ്മുളള തസ്തികയിലെത്താന്‍ കഴിയും. ഇതിനുളള അവസരങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. അഭിമുഖം, സ്വയം അറിയുക, തൊഴില്‍ വളര്‍ച്ച, കരിയര്‍ പ്ലാനര്‍ എന്നിവയില്‍ എക്സര്‍സൈസ്, അപ്സ്‌കില്ലിംഗ് മാതൃകകള്‍, ഓണ്‍ലൈന്‍ പഠനം എന്നിവയും ചര്‍ച്ച ചെയ്തു.
ശില്‍പ്പശാലയുടെ ഉദ്ഘാടനം കൊക്കകോള ട്രെയിനിങ് ആന്റ് ഡവലപ്മെന്റ് മാനേജര്‍ ജി വേണുഗോപാല്‍ നിര്‍വഹിച്ചു. പ്രസിഡന്റ് നസ്റുദ്ദീന്‍ വി ജെ അധ്യക്ഷത വഹിച്ചു. മീഡിയാ ഫോറം ഇരുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ 'റിംഫിന്റെ 20 വര്‍ഷങ്ങള്‍' രക്ഷാധികാരി നജിം കൊച്ചുകലുങ്ക് അവതരിപ്പിച്ചു. അതിഥികള്‍ക്ക് പൂച്ചെണ്ടും പുസ്തകങ്ങളും സമ്മാനിച്ച് ഷമീര്‍ കുന്നുമ്മല്‍, ഷമീര്‍ ബാബു എന്നിവര്‍ സ്വീകരിച്ചു. ശില്‍പ്പ
ശാലയ്ക്ക് നേതൃത്വം നല്‍കിയ നവാസ് റഷീദിന് മീഡിയാ ഫോറം പ്രവര്‍ത്തകര്‍ പ്രശംസാ ഫലകം സമ്മാനിച്ചു. നറുക്കെടുപ്പ് വിജയികള്‍ക്ക് മുജീബ് താഴത്തേതില്‍, ഹാരിസ് ചോല എന്നിവര്‍ ഉപഹാരം വിതരണം ചെയ്തു. ഷിബു ഉസ്മാന്‍ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പളളി സ്വാഗതവും ജയന്‍ കൊടുങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു.