ഒമിക്രോണ്‍: അപകടസാധ്യത കൂടിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തി സൗദി

Update: 2021-12-22 17:11 GMT

റിയാദ്: ലോകത്തെ ആശങ്കയിലാഴ്ത്തി ഒമിക്രോണ്‍ വ്യാപിക്കുന്നതിനിടെ ഇന്ത്യയെ അപകടസാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി സൗദി പട്ടിക പ്രസിദ്ധീകരിച്ചു. ഇന്ത്യ, ബഹ്‌റൈന്‍, കുവൈത്ത്, യുഎഇ, പാക്കിസ്താന്‍, ശ്രീലങ്ക, വിയറ്റ്‌നാം, മലേസ്യ, മാല്‍ദ്വീപ്‌സ് എന്നിവ അടക്കം 27 രാജ്യങ്ങള്‍ ഉയര്‍ന്ന അപകടസാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയില്‍പ്പെടുന്നു. അതീവ അപകടസാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ആകെ 127 രാജ്യങ്ങളെയാണ് പബ്ലിക് ഹെല്‍ത്ത് അതോറിറ്റി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ജര്‍മനി, ഗ്രീസ്, ഫ്രാന്‍സ്, ഇറാഖ്, തുര്‍ക്കി, ജോര്‍ദാന്‍, ലെബനോന്‍, നേപ്പാള്‍, മ്യാന്‍മര്‍, നോര്‍വേ, സുഡാന്‍, ഡെന്‍മാര്‍ക്ക്, ഇറ്റലി, അമേരിക്ക, സിറിയ, നൈജീരിയ, മൊറോക്കൊ, ദക്ഷിണ കൊറിയ, അഫ്ഗാനിസ്താന്‍, ഓസ്ട്രിയ, ചൈന, ബംഗ്ലാദേശ്, ജപ്പാന്‍, ബെല്‍ജിയം, പോര്‍ച്ചുഗല്‍, സ്വീഡന്‍, ബ്രസീല്‍, കാനഡ, സ്‌പെയിന്‍, ആസ്‌ത്രേലിയ എന്നീ രാജ്യങ്ങള്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു.

കൊവിഡ് വ്യാപനത്തിന്റെയും പുതിയ വകഭേദങ്ങള്‍ പ്രചരിക്കുന്നതിന്റെയും പശ്ചാത്തലത്തില്‍ ലോകരാജ്യങ്ങളെ നാലുവിഭാഗങ്ങളായാണ് പബ്ലിക് ഹെല്‍ത്ത് അതോറിറ്റി നിര്‍ണയിച്ചിരിക്കുന്നത്. ഈ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു. അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ ഒമാനും ഖത്തറും അടക്കം ഏഴുരാജ്യങ്ങളാണുള്ളത്. ഫിലിപ്പൈന്‍സ്, കംബോഡിയ, ന്യൂസിലാന്റ് എന്നിവ ഉള്‍പ്പെടെ 12 രാജ്യങ്ങളെയാണ് ഇടത്തരം അപകടസാധ്യതയുള്ള രാജ്യങ്ങളായി നിര്‍ണയിച്ചിരിക്കുന്നത്.

Tags:    

Similar News