കുവൈത്തില്‍ സ്വകാര്യതൊഴില്‍ മേഖലയിലെ സ്വദേശികള്‍ക്ക് സംവരണതോത് നിശ്ചയിച്ചു
സംവരണ നിബന്ധന പൂര്‍ത്തിയാക്കാത്ത സ്വകാര്യ സ്ഥാപനങ്ങള്‍ നിയമിക്കുന്ന ഓരോ വിദേശിക്കും വര്‍ഷത്തില്‍ 300 ദീനാര്‍ എന്ന തോതില്‍ പിഴ കൊടുക്കേണ്ടിവരുമെന്നും ഉത്തരവിലുണ്ട്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വകാര്യ മേഖലയിലെ സ്വദേശിവല്‍കരണ നടപടികളുടെ ഭാഗമായാണ് തൊഴില്‍ മേഖലയിലെ വിവിധ തസ്തികകളില്‍ സ്വദേശികള്‍ക്ക് സംവരണതോത് നിശ്ചയിച്ചു. പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് അസ്സബാഹ് ആണ് ഇതു സംബന്ധിച്ച ഉത്തരവിട്ടത്. പുതിയ ഉത്തരവനുസരിച്ച് ബാങ്കിങ്, ടെലികമ്യൂണിക്കേഷന്‍ മേഖലകളില്‍ ഭൂരിഭാഗം സ്വദേശികളാവണം. ബാങ്കിങ് മേഖലയില്‍ മൊത്തം ജീവനക്കാരില്‍ 70 ശതമാനവും ടെലികമ്യൂണിക്കേഷന്‍ മേഖലയില്‍ 65 ശതമാനവും കുവൈത്തികളെ ജോലിക്കുവയ്ക്കണമെന്നാണ് പുതിയ വ്യവസ്ഥ. കാര്‍ഷിക മല്‍സ്യബന്ധനം മൂന്ന് ശതമാനം, പെട്രോകെമിക്കല്‍ 30 ശതമാനം, ചില്ലറമൊത്തവ്യാപാരം 5 ശതമാനം, കോഓപറേറ്റീവ് സൊസൈറ്റി 15 ശതമാനം, എയര്‍ട്രാസ്‌പോര്‍ട്ടേഷന്‍ 15 ശതമാനം, വിവര സാങ്കേതികം ടെലിഫോണ്‍ 10 ശതമാനം, ഇന്‍ഷുറന്‍സ് 22 ശതമാനം, മണി എക്‌സ്‌ചേഞ്ച് 15 ശതമാനം, റിയല്‍ എസ്‌റ്റേറ്റ് 20 ശതമാനം എന്നിങ്ങനെയാണ് വിവിധ മേഖലകളില്‍ നിയമിക്കപ്പെടേണ്ട സ്വദേശി ജീവനക്കാരുടെ തോത്. സ്വകാര്യ അറബ് സ്‌കൂളുകളില്‍ 10 ശതമാനവും അറബിയിതര സ്‌കൂളുകളില്‍ 7 ശതമാനവും സ്വകാര്യ മേഖലയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 30 ശതമാനവും സംവരണം നിര്‍ബന്ധമാണ്. സംവരണ നിബന്ധന പൂര്‍ത്തിയാക്കാത്ത സ്വകാര്യ സ്ഥാപനങ്ങള്‍ നിയമിക്കുന്ന ഓരോ വിദേശിക്കും വര്‍ഷത്തില്‍ 300 ദീനാര്‍ എന്ന തോതില്‍ പിഴ കൊടുക്കേണ്ടിവരുമെന്നും ഉത്തരവിലുണ്ട്.