ഗള്‍ഫില്‍നിന്ന് മൃതദേഹം കൊണ്ടുവരാനുള്ള വിമാന നിരക്കുകള്‍ ഏകീകരിച്ചു

പ്രവാസി ഇന്ത്യക്കാരുടെ പ്രതിഷേധം ഫലം കണ്ടു

Update: 2019-01-04 11:19 GMT

ദുബയ്: ഗള്‍ഫില്‍നിന്ന് ഇന്ത്യയിലേക്ക് മൃതദേഹം എത്തിക്കുന്നതിനുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ എയര്‍ ഇന്ത്യ ഏകീകരിച്ചു. 12 വയസിന് താഴെയുള്ളവരുടെ മൃതദേഹത്തിന് 750 ദിര്‍ഹവും 12 വയസിന് മുകളില്‍ 1,500 ദിര്‍ഹവുമാണ് പുതിയ നിരക്ക്. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ വഴി ഇന്ത്യയിലെവിടേക്കും മൃതദേഹങ്ങള്‍ എത്തിക്കുന്നതിനുള്ള നിരക്കാണ് ഏകീകരിച്ചത്. ഇതുസംബന്ധിച്ച അറിയിപ്പ് എയര്‍ ഇന്ത്യ കാര്‍ഗോ ഏജന്‍സികള്‍ക്ക് കൈമാറി.

    ജിസിസി രാജ്യങ്ങള്‍ക്കെല്ലാം ഇത്തരത്തില്‍ നിശ്ചിത നിരക്കുകളാക്കിയിട്ടുണ്ട്. 160 ഒമാനി റിയാല്‍, 175 കുവൈറ്റ് ദിനാര്‍, 2200 സൗദി റിയാല്‍, 225 ബഹ്‌റൈനി ദിനാര്‍, 2200 ഖത്തറി റിയാല്‍ എന്നിങ്ങനെയാണു നിരക്ക്. ഇക്കാര്യം എയര്‍ ഇന്ത്യ ദുബയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ അറിയിച്ചിട്ടുണ്ട്. മൃതദേഹങ്ങളുടെ തൂക്കത്തിന് അനുസരിച്ച് നിരക്ക് കണക്കാക്കുന്ന രീതിയാണ് നിലവിലുണ്ടായിരുന്നത്. ഈ പ്രാകൃത രീതി അവസാനിപ്പിക്കണമെന്ന് ഏറെക്കാലമായി പ്രവാസികള്‍ ആവശ്യപ്പെട്ടുവരികയാണ്. പ്രവാസി സമൂഹത്തിന്റെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനും പ്രതിഷേധങ്ങള്‍ക്കുമാണ് ഒടുവില്‍ ഫലമുണ്ടായിരിക്കുന്നത്.


Tags:    

Similar News