തൊഴില്‍ വിസയില്‍ ഗള്‍ഫിലേക്ക് പോകുന്നവര്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം
2019 ജനുവരി ഒന്നു മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിക്കൊണ്ടാണ് വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കിയത്. നോണ്‍ഇസിആര്‍ (എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമില്ലാത്തവര്‍) വിഭാഗത്തില്‍ പെടുന്നവര്‍ക്കാണ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം.
ന്യൂഡല്‍ഹി: തൊഴില്‍ വിസയില്‍ വിദേശത്ത് പോകുന്നവര്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ 18 രാജ്യങ്ങളിലേക്ക് പോകുന്നവര്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇമൈഗ്രേറ്റ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.
2019 ജനുവരി ഒന്നു മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിക്കൊണ്ടാണ് വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കിയത്. നോണ്‍ഇസിആര്‍ (എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമില്ലാത്തവര്‍) വിഭാഗത്തില്‍ പെടുന്നവര്‍ക്കാണ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുന്‍പെങ്കിലും വെബ്‌സൈറ്റ് വഴി വിവരങ്ങള്‍ നല്‍കണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാത്തവരെ 2019 ജനുവരി ഒന്നു മുതല്‍ വിമാനത്താവളങ്ങളില്‍ നിന്ന് തിരിച്ചയക്കും. എന്നാല്‍ സന്ദര്‍ശക വിസ ഉള്‍പ്പെടെയുള്ള മറ്റ് വിസകളില്‍ പോകുന്നവര്‍ക്ക് ഇത് ബാധകമല്ല. പുതിയ തൊഴില്‍ വിസയില്‍ വരുന്നവര്‍ക്കും റീ എന്‍ട്രിയില്‍ പോയി മടങ്ങുന്നവര്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.
വിദേശത്തുള്ള ഇന്ത്യക്കാരുടെ ക്ഷേമവും അവകാശങ്ങളും ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടാണ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. സൗദി അറേബ്യ, യുഎഇ, ബഹ്‌റയ്ന്‍, കുവൈത്ത്, ഖത്തര്‍, ഒമാന്‍ എന്നീ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ക്കു പുറമേ അഫ്ഗാനിസ്താന്‍, ഇന്തോനീസ്യ, ഇറാഖ്, ജോര്‍ദാന്‍, ലബ്‌നാന്‍, ലിബിയ, മലേസ്യ, സുദാന്‍, സൗത്ത് സുദാന്‍, സിറിയ, തായ്‌ലന്റ്, യമന്‍ എന്നീ രാജ്യങ്ങളില്‍ തൊഴിലിനായി പോകുന്നവരാണ് ഇമൈഗ്രേറ്റ് പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യേണ്ടത്.
വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ തൊഴില്‍ സുരക്ഷ ലക്ഷ്യമിട്ട് 2015ലാണ് ഇമൈഗ്രേറ്റ് പോര്‍ട്ടല്‍ തുടങ്ങിയത്. നിലവില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ളവരുടെ (ഇസിആര്‍ കാറ്റഗറി പാസ്‌പോര്‍ട്ടുള്ളവര്‍) തൊഴില്‍ വിവരങ്ങള്‍ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്ത ശേഷമേ വിദേശത്ത് പോകാനാവൂ. വിദ്യാഭ്യാസം കുറഞ്ഞ ഇന്ത്യക്കാര്‍ വിദേശത്ത് ചൂഷണങ്ങള്‍ക്ക് ഇരയാവുന്നത് തടയാനായിരുന്നു ഇത്. എന്നാല്‍, നോണ്‍ ഇസിആര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരും വിദേശത്ത് തൊഴില്‍ ചൂഷണങ്ങള്‍ക്ക് ഇരയാവുന്ന സാഹചര്യത്തിലാണ് എല്ലാവര്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നത്. ഇതോടെ നിലവില്‍ എല്ലാവരും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കായാല്‍ മാത്രമേ വിദേശത്ത് ജോലി ചെയ്യാനാവൂ.
രജിസ്‌ട്രേഷന്‍ എങ്ങിനെ?
ഇമൈഗ്രേറ്റ് വെബ്‌സൈറ്റിലെ ECNR Registration എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താണ് വിവരങ്ങള്‍ നല്‍കേണ്ടത്. ആദ്യം മൊബൈല്‍ നമ്പര്‍ വെരിഫിക്കേഷനാണ് ആവശ്യപ്പെടുക. ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ നമ്പറാണ് ഇതില്‍ നല്‍കേണ്ടത്. അതില്‍ വരുന്ന ഒടിപി ഉപയോഗിച്ച് അടുത്തപേജിലേക്ക് പ്രവേശിക്കാം. പേര്, പാസ്‌പോര്‍ട്ട് നമ്പര്‍, ഇമെയില്‍, വിദ്യാഭ്യസ യോഗ്യത, ആധാര്‍ നമ്പര്‍, സംസ്ഥാനം, ജില്ല, ജോലി, പോകുന്ന രാജ്യം, പ്രൊഫഷന്‍, വിസ, അത്യാവശ്യ ഘട്ടങ്ങളില്‍ നാട്ടിലും മറുനാട്ടിലും ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍, അഡ്രസ്, തൊഴില്‍ ദാതാവിന്റെ പേര്, സ്ഥാപനത്തില്‍ ബന്ധപ്പെടാവുന്ന ഒരു വ്യക്തിയുടെ പേര്, ഫോണ്‍ നമ്പര്‍, ഇമെയില്‍, അഡ്രസ് തുടങ്ങിയ വിവരങ്ങള്‍ നല്‍കി അപേക്ഷ
സമര്‍പ്പിച്ചാല്‍ എസ്എംഎസ് വഴിയും ഇമെയില്‍ വഴിയും സന്ദേശം ലഭിക്കും. ഇത് വിമാനത്താവളത്തില്‍ കാണിച്ചാല്‍മാത്രമേ വിമാനത്തില്‍ കയറാന്‍ സാധിക്കുകയുള്ളൂ. പുതിയ തൊഴില്‍ വിസക്കാര്‍ റിക്രൂട്ടിങ് ഏജന്‍സി വഴിയാണ് പോകുന്നതെങ്കില്‍ ഏജന്റിന്റെ പേരും നല്‍കേണ്ടതുണ്ട്. ഒരു വിസയില്‍ എത്രകാലം വിദേശത്ത് തുടര്‍ന്നാലും ഒരുതവണ മാത്രമേ രജിസ്റ്റര്‍ ചെയ്യേണ്ടതുള്ളു. കൂടുതല്‍ വിവരങ്ങള്‍ക്കായി 1800113090 (ടോള്‍ ഫ്രീ), 01140503090 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. ഇമെയില്‍ helpline@mea.gov.in
എന്താണ് ഇസിഎന്‍ആര്‍/ ഇസിആര്‍ വിഭാഗങ്ങള്‍?
ആദായ നികുതി അടയ്ക്കുന്നവരോ അല്ലെങ്കില്‍ പത്താം ക്ലാസ് വിദ്യാഭ്യാസമെങ്കിലും ഉള്ളവരെയോ ആണ് ഇസിഎന്‍ആര്‍ അല്ലെങ്കില്‍ നോണ്‍ഇസിആര്‍ വിഭാഗത്തില്‍ പെടുന്നത്. എമിഗ്രേഷന്‍ ക്ലിയറന്‍സ് ഇവര്‍ക്ക് ആവശ്യമില്ല.
പത്താം ക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാത്തവരെയാണ് ഇസിആര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്. വിദേശത്ത് ജോലിക്ക് പോകാന്‍ ഇവര്‍ക്ക് പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സില്‍ നിന്ന് എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമാണ്.